ഗർഭച്ഛിദ്രം, ഭ്രൂണം കുഴിച്ചിട്ടു; കുവൈത്തിൽ പ്രവാസികൾക്കെതിരായ ശിക്ഷ വിധിച്ചു

  • 06/12/2023


കുവൈത്ത് സിറ്റി: ഗർഭച്ഛിദ്രം, ഭ്രൂണം ഉപേക്ഷിച്ചത് തുടങ്ങിയ കേസുകളിൽ പ്രവാസികൾക്കെതിരായ ശിക്ഷ വിധിച്ചു. ഒരു പുരുഷനും സ്ത്രീക്കും മൂന്ന് വർഷത്തെ കഠിന തടവാണ് ചുമത്തിയിട്ടുള്ളത്. ഗർഭച്ഛിദ്ര ഗുളികകൾ വിറ്റതിന് ഒരു പ്രവാസിക്ക് രണ്ട് വർഷത്തെ തടവും ഭ്രൂണം നശിപ്പിക്കുന്നതിനായി സഹായിച്ച് ബിൽഡിം​ഗ് സെക്യൂരിട്ടിക്ക് ഒരു വർഷത്തെ തടവുമാണ് ശിക്ഷ്ഷ. പ്രതിയുടെ ഭാര്യയ്ക്ക് ഗർഭച്ഛിദ്ര ഗുളികകൾ വിറ്റുവെന്നത് ഉൾപ്പെടെയുള്ള കുറ്റമാണ് ഒന്നാം പ്രതിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ രണ്ടാം പ്രതിയായ ഭർത്താവ് മൂന്നാം പ്രതിയായ ഭാര്യക്ക് നൽകുകയായിരുന്നു. ഈ സമയത്ത് യുവതി ഏഴ് മാസം ഗർഭിണിയായിരുന്നു. ഗർഭച്ഛിദ്രത്തിന് ശേഷം ദമ്പതികൾ ഫർവാനിയ പ്രദേശത്തെ കെട്ടിടത്തിന്റെ മുറ്റത്ത് ഭ്രൂണം കുഴിച്ചിടുകയും ചെയ്തു.

പ്രവാസിയായ ഭാര്യയുടെ സുഹൃത്താണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കേസിൽ വ്യക്തമായ തെളിവുകൾ ലഭിച്ചു. ഡിഎൻഎ പരിശോധനയിൽ ഒന്നാം പ്രതിയാണ് കുഞ്ഞിൻറെ പിതാവെന്ന് തെളിഞ്ഞതോടെ മൂന്നാം പ്രതിയായ യുവതി ഭർത്താവിനെ കബളിപ്പിച്ചതായും കണ്ടെത്തി. കുട്ടി ഭർത്താവിൻറെതല്ലെന്നും ഒന്നാം പ്രതിയുമായുള്ള അവിഹിത ബന്ധത്തിലുള്ളതാണെന്നും ചോദ്യം ചെയ്യലിൽ യുവതി സമ്മതിക്കുകയും ചെയ്തു.

Related News