കള്ളപ്പണം വെളുപ്പിക്കൽ സംശയം; കുവൈത്തിൽ നാല് കമ്പനികൾക്ക് പൂട്ട്

  • 26/12/2023

 

കുവൈത്ത് സിറ്റി: ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ധനകാര്യ വിഭാ​ഗം റിയൽ എസ്റ്റേറ്റ്, എക്സ്ചേഞ്ച്, ജ്വല്ലറി കമ്പനികളിലായി ഏകദേശം 936 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി കണക്കുകൾ. പ്രതിദിനം ശരാശരി നാല് പരിശോധനാ റൗണ്ടുകൾ വീതമാണ് നടത്തിയിട്ടുള്ളത്. ഈ കാലയളവിൽ, റിയൽ എസ്റ്റേറ്റ് കമ്പനികളിലേക്ക് 372 ഫീൽഡ് സന്ദർശനങ്ങളും, എക്സ്ചേഞ്ച് കമ്പനികളിൽ 92, ജ്വല്ലറി കമ്പനികളിൽ 472 എന്നിങ്ങനെ പരിശോധനകളും ഡിപ്പാർട്ട്മെന്റ് നടത്തി.

ഒരു റിയൽ എസ്റ്റേറ്റ് കമ്പനി, രണ്ട് എക്സ്ചേഞ്ച് കമ്പനികൾ, ഒരു ജ്വല്ലറി കമ്പനി എന്നിവയുൾപ്പെടെ നാല് കമ്പനികളുടെ പ്രവർത്തനങ്ങൾ മണി ലോണ്ടറിംഗ് ആൻഡ് ടെററിസ്റ്റ് ഫിനാൻസിങ് ഡിപ്പാർട്ട്മെന്റ് താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതേസമയം, രണ്ട് റിയൽ എസ്റ്റേറ്റ് കമ്പനികൾ, ഒരു എക്സ്ചേഞ്ച് കമ്പനി, അഞ്ച് ജ്വല്ലറി കമ്പനികൾ എന്നിവ ഉൾപ്പെടുന്ന എട്ട് കമ്പനികളുടെ ലൈസൻസിന് മേലുള്ള സസ്പെൻഷൻ അധികൃതർ നീക്കുകയും ചെയ്തു. വാണിജ്യ മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്.

Related News