കുവൈറ്റ് വിമാനത്താവളത്തിൽ സുരക്ഷാ അധികൃതര്‍ തമ്മിൽ അടിപിടി; സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കും

  • 22/01/2024

 


കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ സുരക്ഷാ അധികൃതര്‍ തമ്മിൽ നടന്ന അടിപിടിയുടെ കാരണം പുറത്ത്. വിമാനത്താവളത്തിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. വഴക്കിന് കാരണം ട്രാഫിക് നിയമലംഘനമാണെന്നാണ് സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സുഹൃത്തിനെതിരെ നിയമലംഘനം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതാണ് വഴക്കിന് കാരണമായത്. 

ഇന്നലെ വൈകിട്ട് കുവൈത്ത് എയർപോർട്ടിലെ ഡിപ്പാർച്ചർ ഗേറ്റിന് മുന്നിലാണ് സുരക്ഷാ സേനാംഗങ്ങളും ട്രാഫിക് പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായത്. അതിൽ സുരക്ഷാ ഉദ്യോഗസ്ഥർ കത്തികള്‍ അടക്കം ഉപയോഗിച്ചിരുന്നു. എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാർ അവരുടെ സുഹൃത്തുക്കളിൽ ഒരാൾക്ക് ട്രാഫിക് ടിക്കറ്റ് നൽകാൻ വിസമ്മതിച്ചതാണ് സംഭവത്തിന് കാരണം. ഇത് മർദനത്തിൽ കലാശിക്കുകയും അവരിൽ ഒരാൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സഹപ്രവർത്തകനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നും വൃത്തങ്ങള്‍ പറഞ്ഞു.

തുടർന്ന് അന്യോഷണ റിപ്പോർട്ട് പരിശോധിച്ച ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് സംഘർഷത്തിൽ പങ്കെടുത്തവരെ സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കാനും പരമാവധി ശിക്ഷ നൽകാൻ ഉത്തരവിട്ടതായി സുരക്ഷാ മാധ്യമ വകുപ്പ് അറിയിച്ചു.

Related News