ജനറൽ പ്രാക്ടീഷണർമാർക്ക് സ്വകാര്യ ക്ലിനിക്കുകളിൽ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകി കുവൈത്ത്

  • 18/02/2024



കുവൈത്ത് സിറ്റി: പൊതു-സ്വകാര്യ മേഖലകളിലെ മെഡിക്കൽ പ്രാക്ടീസിനുള്ള ലൈസൻസിംഗ് വ്യവസ്ഥകളിൽ വിപ്ലവകരമായ തീരുമാനങ്ങളുമായി കുവൈത്ത്. ജനറൽ പ്രാക്ടീഷണർ ലൈസൻസുള്ള ഡോക്ടർമാർക്ക് ഇനി സ്വകാര്യ ക്ലിനിക്കുകളിലും ഹെൽത്ത് സെന്‍ററുകളിലും മെഡിക്കൽ സെന്‍ററുകളിലും ജോലി ചെയ്യാൻ അനുമതിയുണ്ട്. ഒരു സീനിയര്‍ ഡോക്ടറുടെ മേൽനോട്ടത്തിൽ അവർക്ക് സ്വകാര്യ ആശുപത്രികളിലും, പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിലും, ഔട്ട്പേഷ്യന്‍റ് ക്ലിനിക്കുകളിലും അല്ലെങ്കിൽ ജനറൽ മെഡിക്കൽ സ്പെഷ്യാലിറ്റി വാർഡുകളിലും പ്രാക്ടീസ് ചെയ്യാം.

എന്നാല്‍, ശസ്ത്രക്രിയകൾ നടത്താൻ അവർക്ക് അനുമതിയുണ്ടായിരിക്കില്ല. 65 വയസും അതിൽ കൂടുതലുമുള്ള ഡോക്ടർമാരും ദന്തഡോക്ടർമാരും അവരുടെ ലൈസൻസ് പുതുക്കുന്നതിന് മുമ്പ് ഒരു മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണം. അതിനുശേഷം ഓരോ രണ്ട് വർഷത്തിലും ഈ പരിശോധന ആവർത്തിക്കുകയും ചെയ്യും. സ്വകാര്യ മെഡിക്കൽ മേഖലയിൽ ഉയർന്ന തലത്തിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന്, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യാലിറ്റിയുടെ അംഗീകാരമുള്ള ഒരു പ്രോഗ്രാമിൽ നിന്ന് ഫിസിഷ്യൻമാരും ദന്തഡോക്ടർമാരും 100 തുടർ മെഡിക്കൽ വിദ്യാഭ്യാസ യൂണിറ്റുകൾ നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

Related News