തൊഴിലാളി റിക്രൂട്ട്‌മെൻ്റ് നിയമങ്ങൾ, 3 വർഷത്തെ ട്രാൻസ്ഫർ പോളിസി നയം; ഭേദ​ഗതികളുമായി മാൻപവർ അതോറിറ്റി

  • 20/04/2024


കുവൈത്ത് സിറ്റി: തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതിനും രാജ്യത്തുള്ള തൊഴിലാളികളുടെ ട്രാൻസ്ഫറിന്റെ സംവിധാനത്തിലുമുള്ള സുപ്രധാന ഭേദഗതികൾ അംഗീകരിച്ച് മാൻപവർ അതോറിറ്റി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനം, തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുക, ചെലവ് കുറയ്ക്കുക, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ്.

പുതുതായി അംഗീകരിച്ച സംവിധാനം അനുസരിച്ച്, രാജ്യത്തിനകത്ത് തന്നെയുള്ള തൊഴിലാളികളെ ട്രാൻസ്ഫർ ചെയ്യണമെന്ന മുൻ വ്യവസ്ഥയില്ലാതെ വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ തൊഴിലുടമകൾക്ക് ഇപ്പോൾ അനുമതിയുണ്ട്. നേരത്തെ, വിദേശത്ത് നിന്ന് പ്രത്യേക പെർമിറ്റുകൾ നേടാനും ആഭ്യന്തര തൊഴിൽ കൈമാറ്റത്തിന് വിധേയരാകാനും തൊഴിലുടമകൾ ബാധ്യസ്ഥരായിരുന്നു. ഇത് തൊഴിലാളികളുടെ കൂലിയടക്കം വർദ്ധിക്കുന്നതിലേക്ക് നയിച്ചു. ആത്യന്തികമായി തൊഴിലുടമകൾക്ക് വലിയ ഭാരമാവുകയും ചെയ്തു.

കൂടാതെ, ബോർഡ് ആദ്യമായി വർക്ക് പെർമിറ്റ് നൽകുന്നതിന് 150 ദിനാറിൻ്റെ അധിക ഫീസും മൂന്ന് വർഷത്തിന് ശേഷം ഒരു തൊഴിലാളിയെ കമ്പനികൾക്കിടയിൽ മാറ്റുന്നതിന് 300 ദിനാർ ഫീസും തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി ഏർപ്പെടുത്തി. ഈ നടപടികൾ തൊഴിൽ സ്ഥിരത വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുവെന്ന് മാൻപവർ അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.

Related News