കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഏപ്രിൽ 24, 25 തീയതികളിൽ : ഒരുക്കങ്ങൾ പൂർത്തിയായി

  • 22/04/2025


കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന പ്രഥമ കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ, കെ,കെ.എൽ.എഫിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കല കുവൈറ്റ് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഫെസ്റ്റിവലിൽ പ്രശസ്ത എഴുത്തുകാരായ, അശോകൻ ചരുവിൽ, ബെന്യാമിൻ, ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, കൈരളി ടിവി എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ എന്നിവർ വിവിധ സെഷനുകളിലായി പങ്കെടുക്കും.

2025 ഏപ്രിൽ 24, 25 തീയ്യതികളിലായി ആസ്പയർ ഇന്ത്യൻ
ഇന്റർനാഷണൽ സ്‌കൂളിൽ വെച്ചാണ് സാഹിത്യ സംവാദ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 24ന് വൈകുന്നേരം 6.30 നടക്കുന്ന ഉദ്‌ഘാടന ചടങ്ങോട് കൂടി പരിപാടി ആരംഭിക്കും. ഏപ്രിൽ 25ന് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന സെഷനുകളിൽ നാട്ടിൽ നിന്നും, ജിസിസി രാജ്യങ്ങളിൽ നിന്നും, കുവൈറ്റിൽ നിന്നുമുള്ള സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. നേരത്തെ രജിസ്‌ട്രേഷൻ നടത്തിയ കുവൈറ്റിൽ നിന്നുള്ള 250 ലധികം പേർ പ്രത്യേക പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. ഫെസ്റിവലില്ന്റെ ഭാഗമായി യശശരീരനായ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി യുടെ പേരിലുള്ള സാഹിത്യ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളിലെ എഴുത്തുകാരുടെ കഥാ സമാഹാരത്തിനാണ് എം.ടി പുരസ്‌കാരം നൽകുക. കുവൈറ്റിലെ എഴുത്തുകാർക്കായി സാഹിത്യമത്സരങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

"മരുഭൂമിയിൽ ഇനിയെത്ര കഥകൾ ബാക്കിയുണ്ട്", ഇന്ദുലേഖ മുതൽ കുർബാൻ വരെ - മലയാളനോവൽ നടന്ന വഴി, അജണ്ടകൾ നിശ്ചയിക്കുന്നതാർക്ക് വേണ്ടി? : പുതിയ മാധ്യമലോകം, ഒരു മുട്ടൻ ‘പണി’ വരുന്നുണ്ടമ്പാനേ : നിർമ്മിതബുദ്ധിയും മനുഷ്യരും, കടലിനക്കരെ നിന്നുള്ള മാണിക്യക്കല്ലുകൾ : പ്രവാസ സാഹിത്യം, കാട്ടൂർകടവിൽ നിന്നൊരു കഥ പുറപ്പെടുന്നു : കഥാകാലത്തെക്കുറിച്ചൊരു സംവാദം, മാന്തളിരിലെ അക്കപ്പോരുകളും മരുഭൂമിയിലെ അതിജീവനവും : ബെന്യാമിന്റെ നോവലുകൾ, എന്നുടെ ശബ്ദം വേറിട്ട് കേട്ടുവോ? : സ്ത്രീപക്ഷ രചനകൾ തുടങ്ങി എട്ട് സെഷനുകളാണ് ഫെസ്റ്റിവലിൽ നടക്കുക. കലയുടെ കലാകാരൻമാർ അവതരിപ്പിക്കുന്ന മലയാളം കവിതകളുടെ രംഗാവിഷ്ക്കാരം "കാവ്യവൈഖരി"യും പരിപാടിയിൽ ഒരുക്കിയിട്ടുണ്ട്.
മേളയുടെ ഭാഗമായി കുവൈറ്റിൽ ഇപ്പോൾ ഉള്ളതും ഉണ്ടായിരുന്നതുമായ എഴുത്തുകാർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദർശനവും പ്രത്യേക പവിലിനിയിൽ ഒരുക്കിയിട്ടുണ്ട്. കുവൈറ്റിലെ ചിത്രകാരന്മാർ വരയ്ക്കുന്ന ലൈവ് ചിത്ര രചന, ചിത്ര പ്രദർശനം എന്നിവയും മേളയുടെ പ്രത്യേകതയാണ്.

വെള്ളിയാഴ്ച്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ച് എം.ടി.പുരസ്കാരവും, സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും. സമാപന സമ്മേളനത്തിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കും.

അബ്ബാസിയ കാലിക്കറ്റ് ഷെഫ് റെസ്റ്റാറന്റിൽ വെച്ച് നടന്ന പത്ര സമ്മേളനത്തില്‍ കല കുവൈറ്റ്‌ പ്രസിഡണ്ട് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി.ഹിക്മത്ത്, കെ കെ എൽ എഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത്, ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം, കല കുവൈറ്റ്‌ ട്രഷറർ പി.ബി.സുരേഷ്, ആക്ടിംഗ് മീഡിയ സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ പങ്കെടുത്തു.

Related News