കോവിഡ്19: പ്രവാസികളുടെ വിഷയത്തിൽ വേണ്ടത് പക്വമായ ഇടപെടൽ

  • 14/04/2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന സമീപനം അത്യന്തം നിരുത്തരവാദപരമാണെന്ന് ഐഎംസിസി ജിസിസി കമ്മറ്റി അഭിപ്രായപ്പെട്ടു. അതോടപ്പം, നിലവിൽ വേണ്ടത് എടുത്തുചാട്ടവും രഷ്ട്രീയനേട്ടങ്ങൾ ലാക്കാക്കിയുള്ള നിലപാടുകളും, പ്രവാസികളിലും അവരുടെ കുടുംബങ്ങളിലും ആശങ്ക സൃഷ്ട്ടിക്കുന്ന പ്രചാരണങ്ങളുമല്ല. സർക്കാറുകളും വിവിധ എംബസികളും രാഷ്ട്രീയ നേതൃത്വവും ഈ പ്രശ്‌നത്തിൽ കൂടുതൽ പ്രായോഗികവും പക്വവുമായ സമീപനങ്ങളും നടപടികളും വൈകാതെ എടുക്കുകയാണ് വേണ്ടത്. വിവിധ ഗൾഫ് രാജ്യങ്ങൾ പ്രവാസി പൗരന്മാരെ സ്വദേശങ്ങളിലേക്ക് അയക്കാൻ മുൻകയ്യെടുക്കേമ്പോഴും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പുറംതിരിഞ്ഞുനിൽക്കുന്നത് അത്യന്തം അപമാനകരമാണെന്ന് ഐഎംസിസി കുറ്റപ്പെടുത്തി.

പ്രവാസികളിൽ എല്ലാവരും ഇപ്പോൾ രൂക്ഷമായ പ്രശ്നങ്ങൾ നേരിടുന്നവരോ ഉടനെ നാട്ടിലേക്ക് എല്ലാം ഒഴിവാക്കി മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരോ അല്ല. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ എല്ലാം ഇപ്പോൾ നാട്ടിലെത്തിക്കുക എന്നത് പ്രായോഗികവുമല്ല. വിവിധ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിത പ്രദേശങ്ങളിലുള്ള ലേബർ ക്യാമ്പുകളിൽ മുൻകരുതലുകളെടുക്കാനും കാര്യക്ഷമമായ ക്വാറന്റൈൻ സംവിധാനനങ്ങളൊരുക്കാനും എംബസികൾ മുഖേന കേന്ദ്ര സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുണ്ടാകുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനു വേണ്ട സംവിധാനങ്ങളൊരുക്കുന്നതോടൊപ്പം പ്രവാസികൾക്കായി ഇന്ത്യയ്‍യിൽനിന്നും മെഡിക്കൽ സംഘങ്ങളെ അയക്കുന്നതും ഈ സാഹചര്യത്തിൽ ആലോചിക്കേണ്ടതാണ്. അതോടപ്പം നിലവിൽ ജോലിയോ വരുമാന മാർഗ്ഗമോ പൂർണ്ണമായും നഷ്ട്ടപ്പെട്ട് ഇവിടെ തുടർന്ന് താമസിക്കാൻ സാധിക്കാത്തവർ, കോവിഡിതര അസുഖങ്ങൾ കാരണം തുടർ ചികിത്സക്കായി നേരത്തെ നാട്ടിൽ പോകാനിരുന്നവർ, ജോലിയിൽ നിന്ന് വിരമിച്ചതിനാലോ ജോലി നഷ്ട്ടപ്പെട്ടതിനാലോ പോകാനിരുന്നവർ, ഇത്തരം ആളുകളിലെ പ്രായക്കൂടുതലുള്ളവർ, സന്ദർശക വിസയിലെത്തി നാട്ടിലേക്ക് തിരികെ പോകാനാകാതെ കുടുങ്ങിയവർ, ഗർഭിണികളായ സ്ത്രീകൾ, ഇപ്പോൾ ജയിലിലുകളിൽ നിന്ന് ശിക്ഷായിളവ് ലഭിച്ച് പുറത്തിറങ്ങിയവർ, തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാമുഖ്യം നൽകികൊണ്ട് പ്രവാസികളെ തിരികെയെത്തിക്കാനുള്ള സാഹചര്യമൊരുക്കാൻ കേന്ദ്ര സർക്കാരും എംബസികളും നടപടിയെടുക്കണം. വിമാനവും സർവീസുകൾ പുനഃസ്ഥാപിക്കപ്പെടാത്തതിനാൽ കുവൈത്തിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി ദീർഘിപ്പിച്ച്കിട്ടാൻ കേന്ദ്ര സർക്കാർ ഇടപെടണം.

ഇത്തരം തീരുമാനങ്ങളെടുപ്പിക്കാൻ ആവശ്യമായ സമ്മർദ്ദം തുടരാനും, സാഹചര്യമൊരുങ്ങിയാൽ ഏറ്റവും പ്രയാസമനുഭവിക്കുന്നവർക്ക് മുൻഗണ നൽകി, തിരികെ നാട്ടിലെത്തിക്കാൻ യാത്ര സൗകര്യമടക്കമുള്ള കാര്യങ്ങൾക്കും സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും ചെയർമാൻ സത്താർ കുന്നിൽ, ജനറൽ കൺവീനർ ഖാൻ പാറയിൽ, ട്രഷറർ സയ്യിദ് ഷാഹുൽ ഹമീദ് | കുവൈത്ത് കമ്മിറ്റി പ്രസിഡണ്ട് ഹമീദ് മധുർ ജനറൽ സെക്രട്ടറി അബൂബക്കർ എ ആർ നഗർ എന്നിവർ അഭ്യർത്ഥിച്ചു. വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ് ഐഎംസിസി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിവേദനങ്ങൾ സമർപ്പിച്ചു.

Related News