യുഎഇയുടെ പര്യവേക്ഷണ ഉപഗ്രഹം ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു; നേട്ടം കൈവരിച്ച ആദ്യ അറബ് രാജ്യം

  • 10/02/2021

ദുബായ്: യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ചിത്രങ്ങൾ അയച്ചു തുടങ്ങും. മൂന്ന് അത്യാധുനിക സംവിധാനങ്ങളിലൂടെയാണു പര്യവേക്ഷണം നടക്കുക. ചൊവ്വയിലെ ഒരു വർഷം കൊണ്ട് (അതായത് ഭൂമിയിലെ 687 ദിവസങ്ങൾ) ഈ വിവരശേഖരണം ഏതാണ്ട് പൂർണമായി നടത്തും.

ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണു ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങൾ ഉടൻ ആരംഭിക്കുമെന്നു യുഎഇ അറിയിച്ചു.ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രവുമാണു യുഎഇ. ഇത്രയും ദിനങ്ങൾ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും.

ചുവപ്പൻ ഗ്രഹമായ ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണിക്കൂറാണു ഹോപ് പ്രോബിന് വേണ്ടിവരിക. ആയിരം കിലോമീറ്റർ അടുത്തുവരെ പോകാനാകും. 49,380 കിലോമീറ്റർ ആണ് ഭ്രമണപഥത്തിലെ ഏറ്റവും അകന്ന ദൂരം. 493 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയിലെത്തിയത്. എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, എമിറേറ്റ്സ് മാർസ് ഇമേജർ, എമിറേറ്റ്സ് മാർസ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ എന്നീ മൂന്ന് ഉപകരണങ്ങൾ ഉപയോഗിച്ചാണ് പര്യവേക്ഷണം.

പൊടി, ജലം, ഐസ്, നീരാവി, താപനില തുടങ്ങിയവ മനസ്സിലാക്കാൻ ഉതകുന്ന 20 ചിത്രങ്ങൾ വീതം ഒരോ ഭ്രമണത്തിലും എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ ഭൂമിയിലേക്ക് അയയ്ക്കും. 11 മിനിറ്റ് വേണം ചിത്രങ്ങൾ ഭൂമിയിലെത്താൻ. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും ഓസോൺ, ജലം, ഐസ് എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചും അറിയാൻ ഉപകരിക്കുന്ന 20 ചിത്രങ്ങൾ വീതം ഇതുപോലെ മാർസ് ഇമേജറും അയയ്ക്കും.

Related News