എണ്ണ ഉത്പാദനം: സൗദിയും എ ഇയും തമ്മിൽ രൂക്ഷമായ തർക്കം; ബാധിക്കുന്നത് ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളെ

  • 07/07/2021


കൊച്ചി: ലോകത്തെ ക്രൂഡോയിൽ ശേഖരത്തിൽ 79 ശതമാനവും ഒപെക് രാഷ്ട്രങ്ങളുടെ കൈവശമാണ്. ഒപെക്കിലെ പ്രധാനികളാണ് ഗൾഫ് മേഖലയിലെ പ്രമുഖ രാജ്യങ്ങളും അയൽക്കാരുമായ സൗദി അറേബ്യയും യു.എ.ഇയും. സൗദി അറേബ്യ സ്വാർത്ഥമായ തീരുമാനങ്ങളെടുത്ത് ഒപെക്കിലെ മറ്റംഗങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നു എന്ന പരാതിയാണ് യു.എ.ഇയ്ക്കുള്ളത്. കഴിഞ്ഞവാരം ചേർന്ന ഒപെക്, ഒപെക് പ്ലസ് (റഷ്യ ഉൾപ്പെടെയുള്ള ഒപെക് ഇതര ഉത്പാദക രാജ്യങ്ങൾ) സംയുക്ത യോഗത്തിൽ സൗദി മുന്നോട്ടുവച്ച പ്രൊപ്പോസലാണ് നിലവിലെ തർക്കത്തിന് കാരണം.

ഉത്പാദന നിയന്ത്രണം സംബന്ധിച്ച് സൗദി അറേബ്യയും യു.എ.ഇയും തമ്മിലെ തർക്കം പരിഹരിക്കപ്പെടാത്തതിനാൽ ക്രൂഡോയിൽ വില വ്യാപാരത്തിനിടെ ഒരുവേള ആറുവർഷത്തെ ഉയരത്തിലെത്തി. ക്രൂഡോയിൽ വില (ഡബ്ള്യു.ടി.ഐ) ഏഷ്യൻ വ്യാപാരത്തിനിടെ ബാരലിന് 76.50 ഡോളറിലേക്കാണ് കുതിച്ചുകയറിയത്. ഇന്ത്യ വൻതോതിൽ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 78 ഡോളറിലുമെത്തി. ഇന്ത്യൻ സമയം രാത്രി 10.30ന് ക്രൂഡ് വിലയുള്ളത് 73.26 ഡോളറിലാണ്; ബ്രെന്റ് 74.40 ഡോളറിലും. നിലവിൽ 74.49 ഡോളറിനാണ് ഇന്ത്യ ബ്രെന്റ് ക്രൂഡ് വാങ്ങുന്നത് (ഇന്ത്യൻ ബാസ്‌കറ്റ്).

ഈ വർഷം ഓഗസ്റ്റ് ഡിസംബറിൽ ക്രൂഡോയിൽ ഉത്പാദനം പ്രതിദിനം 20 ലക്ഷം ബാരൽ വീതം കൂട്ടാമെന്നും നിലവിലെ ഉത്പാദക നിയന്ത്രണത്തിന്റെ കാലാവധി 2022 ഏപ്രിലിൽ നിന്ന് ഡിസംബറിലേക്ക് നീട്ടാമെന്നുമാണ് സൗദി നിർദേശിച്ചത്. യോഗത്തിൽ മിക്ക രാജ്യങ്ങളും ഇത് അംഗീകരിച്ചു. എന്നാൽ, സൗദിയുടെ മുൻ തീരുമാനം മൂലം ഉത്പാദനം കുറയ്‌ക്കേണ്ടിവന്ന യു.എ.ഇ എതിർത്തു. ഇനിയും ഉത്പാദനം കുറയ്ക്കുന്നത് അംഗീകരിക്കില്ലെന്ന് യു.എ.ഇ വ്യക്തമാക്കി. തർക്കം തീർക്കാൻ തിങ്കളാഴ്ച വീണ്ടും യോഗം വിളിച്ചെങ്കിലും, ഇരു രാജ്യങ്ങളും നിലപാടിൽ ഉറച്ചുനിന്നതോടെ യോഗം റദ്ദാക്കി.

എന്നാൽ ഒപെക്കിലെ തർക്കവും ക്രൂഡ് വിലക്കുതിപ്പും ഏറ്റവും അധികം ബാധിക്കുന്നത് ഇന്ത്യയെ ആണ്. ഉപഭോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറക്കുമതിയിൽ ലോകത്ത് മൂന്നാംസ്ഥാനത്തുമാണ്. ക്രൂഡ് വില വർദ്ധനയും കനത്ത നികുതിയും രൂപയുടെ മൂല്യത്തകർച്ചയും മൂലം രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇപ്പോഴേ റെക്കാഡ് ഉയരത്തിലാണുള്ളത്.

കേരളമടക്കം പത്തിലേറെ സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നു; രാജസ്ഥാനടക്കം ഏതാനും സംസ്ഥാനങ്ങളിൽ ഡീസലും 100 രൂപ പിന്നിട്ടു. ഇനിയും ക്രൂഡോയിൽ വില കുതിച്ചാൽ ഇന്ധനവില രാജ്യത്ത് നിയന്ത്രണമില്ലാതെ കൂടും.

Related News