എക്‌സ്‌പോയും സ്കൂൾ തുറക്കലും: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു

  • 29/09/2021


ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു. യാത്രാ നിരോധനത്തിന് ശേഷം നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതലായിരുന്നു നിരക്കെങ്കിലും ഏതാനും ആഴ്ചകളായി അത് വീണ്ടും കൂടിയിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നിന് എക്‌സ്‌പോ ആരംഭിക്കുന്നതും ഒക്ടോബര്‍ മൂന്ന് മുതല്‍ സ്‌കൂളിലെ നേരിട്ടുള്ള ഹാജര്‍ 100 ശതമാനമാക്കുന്നതുമാണ് ഇതിന് പെട്ടെന്നുണ്ടായ കാരണങ്ങൾ.

അഞ്ചു മാസത്തെ യാത്രാ നിരോധനം അവസാനിച്ചതോടെ യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് കാരണം ടിക്കറ്റ് നിരക്ക് വലിയ തോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അത് വലിയ തോതില്‍ വര്‍ധിച്ചുവരികയാണെന്ന് അല്‍ ബാദി ട്രാവല്‍ ഏജന്‍സി വക്താവ് പറഞ്ഞു. എക്‌സ്‌പോ തുടങ്ങി ഏതാനും ആഴ്ചകള്‍ വരെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നു നില്‍ക്കാന്‍ തന്നെയാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ന്യൂ ഡെൽഹിയിൽനിന്ന് ദുബായിലേക്ക് 2000 മുതല്‍ 3000 വരെ ദിര്‍ഹമാണ് ഇപ്പോള്‍ ടിക്കറ്റ് നിരക്ക്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഇത് 1500ല്‍ താഴെയായിരുന്നു. മുംബൈയില്‍ നിന്നാണ് താരതമ്യേന നിരക്ക് കുറവെന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. നിലവില്‍ 1700 ദിര്‍ഹമാണ് മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക്. ജൂലൈയില്‍ 1000 ദിര്‍ഹമിന് താഴെ മാത്രമായിരുന്നു കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള നിരക്ക്. എന്നാല്‍ ഇന്നത് 1500ന് മുകളിലെത്തി.

Related News