നിയമസഭാ കയ്യാങ്കളി: മന്ത്രി ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി തള്ളി; നവംബര്‍ 22ന് ഹാജരാകണമെന്ന് കോടതി

  • 13/10/2021


തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ആറ് പ്രതികളും നവംബര്‍ 22ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതികളോട് ഹാജരാകാന്‍ പറഞ്ഞത്. നവംബര്‍ 22ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.

നിയമസഭാ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ കെട്ടിച്ചമത്തതാണെന്നും അവ പരിഗണിക്കരുതെന്നുമായിരുന്നു ഹര്‍ജിയില്‍ പ്രതികളുടെ ആവശ്യം. എന്നാല്‍ ഇത് തള്ളിയ കോടതി ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്ന് കണ്ടെത്തി. മന്ത്രി വി ശിവന്‍കുട്ടിയെ കൂടാതെ കെ.ടി. ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ ഇ.പി ജയരാജന്‍, കെ.കുഞ്ഞമ്മദ്, കെ. അജിത്, സി.കെ. സദാശിവന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടി. പ്രതികളുടേത് പ്രതിഷേധമായിരുന്നു, മറിച്ച്‌ അക്രമമല്ല. ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം. വാച്ച്‌ ആന്‍ഡ് വാര്‍ഡായി വന്ന പൊലീസുകാര്‍ അതിക്രമം കാണിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തും തള്ളിലുമാണ് സ്പീക്കറുടെ കസേര, കംപ്യൂട്ടര്‍ തുടങ്ങിയവ നശിച്ചത്. 21 മന്ത്രിമാര്‍ ഉള്‍പ്പെടെ 140 എംഎല്‍എമാരും നിയമസഭയില്‍ ഉണ്ടായിരുന്നിട്ടും കേസില്‍ പൊലീസുകാരെ മാത്രമാണ് സാക്ഷികളായതെന്നും പ്രതിഭാഗം വാദിച്ചിരുന്നു

Related News