അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ഒരു കോടി രൂപ പിഴ; യുഎഇയില്‍ സൈബര്‍ നിയമ ഭേദഗതി

  • 29/12/2021

അബുദാബി: യുഎഇയില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരും. ഇതിന് പുറമേ ആറ് മാസം വരെ തടവും ലഭിക്കും. സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

യുഎഇയില്‍ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച് ലക്ഷം ദിർഹം ഏകദേശം ഒരു കോടി രൂപ വരെയായിരിക്കും പിഴ. ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. നിയമഭേദഗതി ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും. വിവിധ സൈബർ കുറ്റങ്ങൾക്ക് ഒന്നരലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നതും ശിക്ഷക്കിടയാക്കും. ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇന്‍റർനെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്. നേരത്തെ സ്വകാര്യ സ്ഥലങ്ങളിലായിരുന്നു നിയന്ത്രണം. 

Related News