സ്നേഹ-സൗഹൃദ-സംഗമമായി, റമദാൻ കാലത്തെ, സാന്ത്വനം കുവൈത്ത്​- ബിഡികെ രക്തദാന ക്യാമ്പ്‌

  • 17/04/2023


ജീവകാരുണ്യ സേവന പ്രവർത്തന രംഗത്ത്‌ കഴിഞ്ഞ 23 വർഷമായി സജീവമായി പ്രവർത്തിക്കുന്ന "സാന്ത്വനം കുവൈറ്റ്‌", ബ്ലഡ്​ ഡോണേഴ്​സ്​ കേരള-കുവൈറ്റ്‌ ചാപ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്, ഏപ്രിൽ 13 വ്യാഴാഴ്ച്ച രാത്രി എട്ടു മണി മുതൽ പന്ത്രണ്ടു വരെ അദാൻ ഹോസ്പിറ്റൽ ബ്ലഡ്​ ബാങ്കിൽ നടന്നു. ബ്ലഡ്‌ ദൗർലഭ്യം മൂലം, കുവൈറ്റ്‌ ബ്ലഡ്‌ ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണു, പരിശുദ്ധ റമദാൻ മാസത്തിൽ ഈ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചത്‌.

ഇന്ത്യൻ എംബസ്സി ഫസ്റ്റ്‌ സെക്രട്ടറി ബഹു. കമൽ സിംഗ്‌ റാത്തോർ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഡോക്ടേഴ്സ്‌ ഫോറത്തിൽ നിന്ന് ഡോ. സണ്ണി വർഗ്ഗീസ്‌, ഡോ. അമീർ അഹ്മദ്‌, കുവൈറ്റ്‌ ബ്ലഡ്‌ ബാങ്കിനെ പ്രതിനിധീകരിച്ച്‌ ഡോ. അഹ്മദ്‌ അബ്ദുൾ ഗാഫർ, ബ്ലഡ്‌ ഡോണേഴ്സ്‌ കേരള കുവൈറ്റ്‌ ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ, സാന്ത്വനം പ്രസിഡന്റ്‌ ജ്യോതിദാസ്‌, സെക്രട്ടറി ജിതിൻ, പ്രോഗ്രാം കൺവീനർ ബിവിൻ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

രക്തദാനത്തിന്റെ മഹനീയ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ കുവൈറ്റിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി എൺപതിലേറെ രക്തദാതാക്കൾ അദാൻ ബ്ലഡ്‌ ബാങ്കിൽ എത്തുകയുണ്ടായി. കുവൈറ്റിന്റെ വിവിധ ഇടങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു.
എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റും റിഫ്രഷ്മെന്റും വിതരണം ചെയ്തു. 

സാന്ത്വനം കുവൈറ്റിന്റേയും ബിഡികെ യുടേയും വോളന്റിയർമ്മാർക്കൊപ്പം പതിനഞ്ചോളം സ്കൂൾ കുട്ടികളും പന്ത്രണ്ടിലേറെ ബ്ലഡ്‌ ബാങ്ക്‌ സ്റ്റാഫ്‌ നേഴ്സുമാരും ക്യാമ്പിന്റെ നടത്തിപ്പിനായി മുഴുവൻ സമയവും പ്രവർത്തിച്ചു. ഒരുപാടുപേർ സകുടുംബം എത്തിച്ചേർന്ന് രക്തദാന ക്യാമ്പിനെ ഒരു കുടുംബ സൗഹൃദ സംഗമമാക്കി മാറ്റിത്തീർത്തു. 

ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി കുട്ടികളായ പതിനഞ്ചോളം വോളന്റിയർമ്മാർ ഇക്കുറി രക്തദാന ക്യാമ്പിൽ സേവന സന്നദ്ധരായി മുഴുവൻ സമയവും പങ്കെടുത്തു എന്നത്‌ ഈ ക്യാമ്പിനെ ശ്രദ്ധേയമാക്കി.

കുവൈറ്റ്‌ സെൻട്രൽ ബ്ലഡ്‌ ബാങ്കിനും ബ്ലഡ്‌ ബാങ്ക്‌ സ്റ്റാഫ്‌ അംഗങ്ങൾക്കും ഉഹാരം നൽകി ആദരിച്ചു. രാത്രി 12 മണിയോടെ രക്തദാനക്യാമ്പ്‌ സമാപിച്ചു...

Related News