സാരഥി കുവൈറ്റ് വിഷു 2023

  • 19/04/2023


സാരഥി കുവൈറ്റ് ഈ വർഷത്തെ വിഷു ആഘോഷങ്ങൾ മൂന്ന് ദിവസങ്ങളിലായി വളരെ വിപുലമായി ആഘോഷിച്ചു. പ്രവാസി സമൂഹത്തിൽ വിവിധ മേഖലകളിലായി പരന്നു കിടക്കുന്ന സാരഥി കുവൈറ്റിന്റെ പ്രാദേശിക സമിതികളിൽ മംഗഫ് വെസ്റ്റ് വിഷു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ജഹ്റ, ഹസ്സാവി നോർത്ത്, അബു ഹലീഫ, മംഗഫ് ഈസ്റ്റ്, ഹാവല്ലി, റിഗ്ഗായ്, ഫാഹഹീൽ, സാൽമിയ എന്നീ മേഖലകളിൽ വളരെ വിവിധങ്ങളായ കലാപരിപാടികളോടു കൂടി വിഷു കൊണ്ടാടി.

കണിയും കണിവട്ടവും ഒരുക്കി അംഗങ്ങൾ കണി കാണുകയും അംഗങ്ങളുടെ വീടുകളിൽ നേരിട്ട് കണിദർശനത്തിനുള്ള അവസരം ഒരുക്കുകയും കൈനീട്ടം നൽകുകയും ചെയ്തു. കുട്ടികൾക്കായി ഉറിയടി മത്സരം നടത്തിയത് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കുട്ടികളുടെ കൃഷ്ണരാധാ വേഷങ്ങൾ കാണികളുടെ മനം കവർന്നു. 

സാൽമിയ യൂണിറ്റ് ഗുരുദേവ കൃതികൾ കോർത്തിണക്കി കൊണ്ട് നടത്തിയ ഗുരുദേവ ഭജനാമൃതം കാണികളെ ഭക്തി നിർഭരരാക്കി. ഫാഹീൽ യൂണിറ്റ് നടത്തിയ വിഷു ചന്ത ശ്രദ്ധേയമായിരുന്നു. എല്ലാ പ്രാദേശിക സമിതികളിലും കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടേയും കലാപരിപാടികൾ കൊണ്ട് മനം നിറഞ്ഞ് വിഷു ആഘോഷിച്ചു.

സാരഥി കുവൈറ്റിന്റെ മുതിർന്ന അംഗങ്ങൾ മറ്റ് അംഗങ്ങൾക്ക് വിഷു കൈനീട്ടവും അനുഗ്രഹവും വിഷു സന്ദേശവും നൽകി.
സാരഥിയുടെ കേന്ദ്ര ഭരണ സമിതി അംഗങ്ങൾ എല്ലാ വിഷു ആഘോഷങ്ങളും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സാരഥി കേന്ദ്രഭരണ സമിതി, SCFE & Trust ഭാരവാഹികൾ, അഡ്വൈസൈറി ബോർഡ് അംഗങ്ങൾ എന്നിവർ വിഷുആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയോടു കൂടി വിഷു ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

Related News