പുതുവർഷ അവധി ദിവസങ്ങളിൽ കുവൈത്തിൽ സുരക്ഷ ഉറപ്പാക്കാൻ സംയോജിത പദ്ധതി

  • 23/12/2023


കുവൈത്ത് സിറ്റി: പുതുവർഷ അവധി ദിവസങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരം മന്ത്രാലയം ഒരു സംയോജിത പദ്ധതി തയ്യാറാക്കി. എല്ലാ പ്രദേശങ്ങളിലും സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ച് കൊണ്ട് തീവ്രമായ പരിശോധനകൾ നടത്തുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റജൈബ് പറഞ്ഞു. 

പുതുവത്സര അവധിക്കാലത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി ഉദ്യോ​ഗസ്ഥർക്ക് കൃത്യമായ നിർദേശങ്ങൾ നൽകും. ആറ് ഗവർണറേറ്റുകളിലായി 310 സുരക്ഷാ പട്രോളിംഗുകൾ സംഘങ്ങളെ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ എല്ലാ മേഖലകളിലുമായി ഏകദേശം 1,950 സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കി. അവധിക്കാലം സുരക്ഷിതമാക്കാൻ മറ്റ് ബന്ധപ്പെട്ട അതോറിറ്റികളുമായും സഹകരിക്കുന്നുണ്ട്. തിരക്കേറിയ വിവിധ സ്ഥലങ്ങളിൽ പൊതു സുരക്ഷ, ട്രാഫിക്, രക്ഷാപ്രവർത്തനം, അന്വേഷണ പട്രോളിംഗ് എന്നിവയുടെ സാന്നിധ്യവും വിന്യാസവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News