പ്രവാസികളുടെ തൊഴിൽ അവസരം ഉറപ്പാക്കാനൊരുങ്ങി ഖത്തർ

  • 04/10/2020

കൊവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികളുടെ തൊഴിൽ പുനർനിയമനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി ഖത്തർ. ഇതുമായി ബന്ധപ്പെട്ട് ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും പുതിയ കരാറിൽ ഒപ്പുവച്ചു. പ്രവാസി തൊഴിലാളികൾക്ക് പുതിയ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിന് ഖത്തർ ചേംബറും മന്ത്രാലയവും ചേർന്ന് ആരംഭിച്ച തൊഴിൽ പോർട്ടലിനെ പിന്തുണയ്ക്കുന്നതാണ് പുതിയ കരാർ. ഇക്കഴിഞ്ഞ ജൂലൈയിലാണ് പോർട്ടൽ ആരംഭിച്ചത്.

കരാർ പ്രകാരം ചേംബറിന്റെയും മന്ത്രാലയത്തിന്റെയും പ്രതിനിധികൾ ഉൾപ്പെടുന്ന സംയുക്ത കമ്മിറ്റി രൂപീകരിക്കും. ഇരുകക്ഷികളുടെയും ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിക്കാൻ ലക്ഷ്യമിട്ടാണ് കമ്മിറ്റി. തൊഴിൽ പുനർനിയമനത്തിന് സഹകരണം ശക്തിപ്പെടുത്തുക, തുടർ നടപടികൾ, സംയുക്ത പദ്ധതികൾ നടപ്പാക്കൽ എന്നിവയാണ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ഖത്തർ ഐഡിയുള്ള വിദഗ്ധ തൊഴിലാളികൾക്കും തൊഴിൽ രഹിതർക്കുമാണ് പോർട്ടലിൽ ബയോഡേറ്റ സമർപ്പിക്കാൻ അനുമതി.

Related News