ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസുള്ളവരുടെ ക്വാറന്റീന്‍ നിബന്ധനയില്‍ ഇളവ് വരുത്തി ബഹ്റൈൻ

  • 15/10/2021


മനാമ: വാക്സിന്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ച് രോഗമുക്തരാവുകയോ വഴി ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസുള്ളവരുടെ ക്വാറന്റീന്‍ നിബന്ധനയില്‍ ഇളവ് വരുത്തി ബഹ്റൈൻ. ഈ വിഭാഗങ്ങളിലുള്ളവര്‍ കൊവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നാല്‍ ഇനി മുതല്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പുറത്തുവിട്ടത്.

ഒക്ടോബര്‍ 15 മുതല്‍ പുതിയ ഇളവ് പ്രാബല്യത്തില്‍ വരും. ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസുള്ളവര്‍ക്ക് രോഗികളുമായി സമ്പര്‍ക്കമുണ്ടായാല്‍ ക്വാറന്റീന്‍ വേണ്ടതില്ലെങ്കിലും രണ്ട് തവണ പിസിആര്‍ പരിശോധന നടത്തേണ്ടതുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായ ആദ്യ ദിവസവും ഏഴാം ദിവസവുമാണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്. ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസുള്ളവര്‍ക്ക് ഇന്ന് മുതല്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ ഇന്നലെ വരെ രോഗിയുമായി സമ്പര്‍ക്കം സ്ഥിരീകരിച്ചവര്‍ക്ക് ബാധകമാവില്ല.

അതേസമയം ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസില്ലാത്തവര്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം. ഒപ്പം ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തുകയും വേണമെന്ന് ടാസ്‍ക് ഫോഴ്‍സ് അറിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമാവുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശം നല്‍കി. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ വാക്സിനേഷനും ബൂസ്റ്റര്‍ ഡോസുകളും ഫലപ്രദമാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ കുറഞ്ഞ രോഗവ്യാപന നിരക്കെന്നാണ് വിലയിരുത്തല്‍.

Related News