ബഹ്റൈനിൽ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

  • 25/10/2021


മനാമ: മലയാളി വിദ്യാര്‍ത്ഥിയെ ‍ബഹ്റൈനിൽ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിന്റെ മകന്‍ സുകൃത് (17) ആണ് ഉമ്മുല്‍ ഹസമില്‍ മരിച്ചത്. താമസ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിന്റെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്. സുകൃതിന്റെ അസ്വഭാവിക മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് അപേക്ഷ നല്‍കി.

ഇക്കഴിഞ്ഞ വെള്ളിയാഴ്‍ച രാവിലെയാണ് അദ്‍ലിയയിലെ വീട്ടില്‍ നിന്ന് നടക്കാനായി സുകൃത് പുറത്തേക്ക് പോയത്. കൈയില്‍ വാട്ടര്‍ ബോട്ടിലുമായി സുകൃത് പുറത്തേക്ക് പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ തൊട്ടടുത്തുള്ള കെട്ടിടത്തിലെ ഫയര്‍ എക്സിറ്റ് ഗോവണിക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ഉയരത്തില്‍ നിന്ന് താഴേക്ക് വീണതിന്റെ ഭാഗമായി തലയ്‍ക്ക് ക്ഷതമേല്‍ക്കുകയും ഇത് കാരണമായുണ്ടായ ഹൃദയാഘാതവുമാണ് മരണ കാരണമായി മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം അസ്വഭാവിക മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്‍തവയ്‍ക്ക് നല്‍കിയ അപേക്ഷയില്‍ മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബഹ്റൈന്‍ അധികൃതര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അംബാസഡര്‍ പ്രതികരിച്ചു.  

Related News