കോവിഡ് മരണം മാനദണ്ഡം പുതുക്കി കേരളം; ബി.പി.എൽ. കുടുംബങ്ങൾക്കുള്ള സഹായം കിട്ടുന്നവർ കുറയും

  • 08/01/2022

ആലപ്പുഴ: ബി.പി.എൽ. കുടുംബങ്ങളിലെ കുടുംബനാഥനോ നാഥയോ കോവിഡ് ബാധിച്ചു മരിച്ചാൽ ആശ്രിതർക്കു പ്രതിമാസം സഹായധനം നൽകുന്ന പദ്ധതിയുടെ മാനദണ്ഡം സംസ്ഥാനസർക്കാർ പുതുക്കി. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം കുറയും.

ബി.പി.എൽ. കുടുംബത്തിലെ വരുമാനദായകരായ വ്യക്തി, കോവിഡ് ബാധിച്ചു മരിച്ചാൽ ഭാര്യക്കോ ഭർത്താവിനോ മക്കൾക്കോ സഹായധനത്തിന് അർഹതയുണ്ടെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. അതനുസരിച്ചാണ് റവന്യൂവകുപ്പ് അപേക്ഷ സ്വീകരിച്ച് അംഗീകാരം നൽകിയതും. പുതുക്കിയ മാനദണ്ഡപ്രകാരം അംഗപരിമിതരും മാനസികവെല്ലുവിളി നേരിടുന്നവരുമായ മക്കളെ മാത്രമാണു പരിഗണിച്ചത്. മരിച്ചവരുടെ പ്രായം 70-നു മുകളിലും താഴെയും എന്നിങ്ങനെ രണ്ടായിത്തിരിച്ചാണ് അർഹരെ കണ്ടെത്തുക.

റേഷൻകാർഡ് അടിസ്ഥാനമാക്കിയാണ് ബി.പി.എൽ. കുടുംബങ്ങളെ നിശ്ചയിച്ച് ഇതുവരെ അപേക്ഷ അംഗീകരിച്ചിരുന്നത്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിലെ ബി.പി.എൽ. പട്ടിക മാത്രം കണക്കിലെടുക്കാനാണു പുതിയ നിർദേശം. ആദ്യം ലഭിച്ച അപേക്ഷകൾ അംഗീകരിച്ച് സഹായധനവിതരണത്തിന് റവന്യൂവകുപ്പ് തയ്യാറെടുക്കുന്നതിനിടെയാണ് മാനദണ്ഡങ്ങളിലെ മാറ്റം. അതുകൊണ്ടുതന്നെ അംഗീകരിച്ച അപേക്ഷകൾ പുനഃപരിശോധിക്കേണ്ടിവരും. മൂന്നുവർഷത്തേക്കു പ്രതിമാസം 5,000 രൂപവീതം സഹായധനം നൽകുന്ന പദ്ധതിയിലേക്ക് സംസ്ഥാനത്ത് 9,127 അപേക്ഷകളാണ് ഇതിനകം ലഭിച്ചത്. ഇതിൽ 325 അപേക്ഷകൾ അംഗീകരിക്കുകയും ചെയ്തിരുന്നു. ബാക്കിയുള്ളവ നടപടിക്രമങ്ങളുടെ വിവിധഘട്ടങ്ങളിലുമാണ്.

Related News