സ്ത്രീകള്‍ക്ക് ശരീരപുഷ്ടിയും ആകാരവടിവും ലഭിക്കുമെന്ന് വാഗ്ദാനം: അപെറ്റമിന്‍ മരുന്നിനെതിരെ മുന്നറിയിപ്പുമായി ബഹ്റൈൻ

  • 24/02/2022


മനാമ: സ്ത്രീകള്‍ക്ക് ശരീരപുഷ്ടിയും ആകാരവടിവും ലഭിക്കുമെന്ന വാഗ്ദാനവുമായി പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ലഭ്യമാകുന്ന അപെറ്റമിന്‍ മരുന്നിനെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈനിലെ ആരോഗ്യ വിദഗ്ധര്‍ . ലൈസന്‍സ് ഇല്ലെങ്കിലും അപെറ്റമിന്‍ എന്ന ഈ മരുന്നും അപറ്റെമിന്‍ അടങ്ങിയ മരുന്നുകളും ഓണ്‍ലൈന്‍ വഴിയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും വ്യാപകമായി ലഭ്യമാണ്.

സ്ത്രീകള്‍ക്ക് ശരീരപുഷ്ടിയും ആകാരവടിവും ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് വിറ്റമിന്‍ ഇ സപ്ലിമെന്റ് ടോണിക് എന്ന നിലയില്‍ ഈ മരുന്ന് മാര്‍ക്കറ്റ് ചെയ്യുന്നതും വില്‍ക്കുന്നതും. അപറ്റെമിന്‍ മൂലം മയക്കം, മങ്ങിയ കാഴ്ച, വയറിളക്കം, സന്ധിവീക്കം, കരള്‍ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അപറ്റെമിന്‍ ഉപയോഗിക്കുന്നതിലൂടെ ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളതായി യുകെയിലുള്ള ഫിസിഷ്യന്‍ ഡോ. എലിസബത്ത് റോസിനെ ഉദ്ധരിച്ച് 'ഡെയ്‌ലി ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്തു. 

കരള്‍ തകരാര്‍ മുതല്‍ കോമ അവസ്ഥയിലെത്തുന്നത് വരെ നിരവധി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഈ മരുന്നിന്റെ ഉപയോഗത്തിലൂടെ സംഭവിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു. യുഎസിലും യുകെയിലും ആരോഗ്യ വകുപ്പുകള്‍  ഈ മരുന്നിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ആമസോണ്‍, മറ്റ് പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവ അപറ്റെമിനും, അപറ്റെമിന്‍ ബേസ്ഡ് മരുന്നുകളും തങ്ങളുടെ സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യുകയാണെന്നും ഡോക്ടര്‍ വിശദമാക്കി.

ഈ മരുന്നിന്റെ മുഖ്യഘടകമായ സൈപ്രോഹെപ്റ്റാഡിന്‍ ഹൈഡ്രോക്ലോറൈഡ്, കുറഞ്ഞ വിശപ്പ്, പോഷകാഹാര കുറവ് എന്നിവ പരിഹരിക്കുന്നതിന് പുറമെ അലര്‍ജി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മരുന്നുകളിലും കാണാറുണ്ടെന്നും അവര്‍ പറഞ്ഞു. ബി6, ബി3, ബി5 എന്നീ വിറ്റാമിനുകളും അമിനോ ആസിഡുകളും അപറ്റെമിനില്‍ ഉള്ളതിനാലാണ് ഇത് വിറ്റാമിന്‍ സപ്ലിമെന്റ് എന്ന നിലയില്‍ വില്‍പ്പന നടത്തുന്നത്. ജിം ഇന്‌സ്ട്രക്ടര്‍മാര്‍ ഡോക്ടര്‍മാര്‍ അല്ലെന്നും അവര്‍ പറയുന്ന മരുന്നുകള്‍ കഴിക്കുന്നതിന് മുമ്പ് അംഗീകൃത ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കണമെന്നും ഡോ. എലിസബത്ത് റോസ് പറഞ്ഞു. അമിത വണ്ണം കുറയ്ക്കാനും തടി കൂടാനുമുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ബഹ്‌റൈനില്‍ ഫിറ്റ്‌നസ് വിദഗ്ധന്‍ വിനോദ് മാളൂര്‍ അഭിപ്രായപ്പെട്ടു. യോഗയും വ്യായാമവും ശീലമാക്കാനും നല്ല ഡയറ്റ് പിന്തുടരാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.  

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റ്റിഐഎല്‍ ഹെല്‍ത്ത്‌കെയറാണ് അപറ്റെമിന്‍ നിര്‍മ്മിക്കുന്നത്. വണ്ണം കൂടാനുള്ള സപ്ലിമെന്റാണിതെന്നും ഇതില്‍ സൈപ്രോഹെപ്റ്റാഡിന്‍, ലൈസിന്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നുമാണ് കമ്പനിയുടെ അവകാശവാദം. 

Related News