കൈക്കൂലി കൊടുത്ത് കള്ളക്കടത്ത്; ബഹ്റൈനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അറസ്റ്റില്‍

  • 26/02/2022


മനാമ: ബഹ്റൈനില്‍ കൈക്കൂലി കൊടുത്ത് കള്ളക്കടത്ത് നടത്തിയ സംഭവത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. 1500 ആംപ്യൂള്‍ ഗ്രോത്ത് ഹോര്‍മോണാണ്  നടപടിക്രമങ്ങള്‍ പാലിക്കാതെ കൊണ്ടുവന്നത്. ഇരുവര്‍ക്കും 1000 ദിനാര്‍ (രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വീതം പിഴയും വിധിച്ചിട്ടുണ്ട്. 

പ്രതികള്‍ക്കെതിരെ വ്യാജ രേഖ ചമയ്‍ക്കല്‍, ഔദ്യോഗിക രേഖകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കല്‍, കസ്റ്റംസ് പരിശോധന അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി ഹൈ ക്രിമിനല്‍ കോടതി കണ്ടെത്തി. പ്രതികളിലൊരാളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 1000 ദിനാര്‍ കൈക്കൂലി വാങ്ങിയാണ് കസ്റ്റംസ് പിടിച്ചുവെച്ച സാധനങ്ങള്‍ വിട്ടു നല്‍കിയത്.

രാജ്യത്തെ അഴിമതി വിരുദ്ധ അന്വേഷണ ഏജന്‍സിയായ ആന്റി കറപ്‍ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങിയത്. രാജ്യത്തെ കസ്റ്റംസ് നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ കൊണ്ടുവന്ന 1500 ആംപ്യൂള്‍ ഗ്രോത്ത് ഹോര്‍മോണ്‍ വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് വിചാരണയ്‍ക്കായി കേസി ഹൈ ക്രിമിനല്‍ കോടതിയിലേക്ക് കൈമാറുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരന്‍ കൈക്കൂലിയായി വാങ്ങിയ 1000 ദിനാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്‍തു.

Related News