ഒരുമിച്ച് താമസിക്കുന്ന യുവതിയെ അപ്പാര്‍ട്ട്മെന്‍റിന്‍റെ അഞ്ചാം നിലയില്‍ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി; പ്രവാസി അറസ്റ്റില്‍

  • 26/02/2022

മനാമ:  ഒരുമിച്ച് താമസിക്കുന്ന യുവതിയെ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍  പ്രവാസി പിടിയില്‍. ബഹ്‌റൈനിലാണ് സംഭവം ഉണ്ടായത്. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ ഏഷ്യക്കാരനായ പ്രവാസി, യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിയുകയും യുവതി കൊല്ലപ്പെടുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിദേശ യുവതി താഴേക്ക് വീണെന്ന വിവരം സെക്യൂരിറ്റി ഏജന്‍സികള്‍ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു. ഈ യുവതി ഒരു ഏഷ്യന്‍ യുവാവിനൊപ്പമാണ് അഞ്ചാം നിലയില്‍ കഴിഞ്ഞിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 

തുടര്‍ന്ന് കൂടെ താമസിച്ച ഏഷ്യന്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചു. വഴക്കിനിടെ തനിക്ക് നിയന്ത്രണം നഷ്ടപ്പെടുകയും യുവതിയെ താഴേക്ക് എറിയുകയുമായിരുന്നെന്ന് ഇയാള്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കൃത്യം നടത്തിയതെങ്ങനെയെന്ന് ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കാണിച്ചുകൊടുത്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതക കുറ്റം പ്രോസിക്യൂട്ടര്‍മാര്‍ ഇയാള്‍ക്കെതിരെ ചുമത്തി. പ്രതിയെ റിമാന്‍ഡ് ചെയ്യാനും ഉത്തരവിട്ടു.

Related News