ഗള്‍ഫിലെത്തിയിട്ട് വെറും 24 മണിക്കൂര്‍; റൂംമേറ്റിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം

  • 23/03/2022

ദുബൈ: ബഹ്‌റൈനിലെത്തി 24 മണിക്കൂറിനുള്ളില്‍ റൂംമേറ്റിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ആഫ്രിക്കന്‍ സ്വദേശിയാണ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടത്.

മാഅമീര്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്. തൊഴില്‍ വിസയില്‍ രാജ്യത്തെത്തിയതാണ് പ്രതി. വഴക്കിനിടെ റൂംമേറ്റിനെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. റൂംമേറ്റിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്യാനും ശ്രമിച്ചെന്നാണ് വിവരം. ഫോര്‍ത്ത് ക്രിമിനല്‍ കോടതിയാണ് ആഫ്രിക്കക്കാരനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബഹ്‌റൈനില്‍ നിന്ന് നാടുകടത്തുമെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. 

വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ഇര കൊല്ലപ്പെട്ടതെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള  കൊലപാതകക്കുറ്റം ചുമത്തരുതെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു.  1,600 ദിനാര്‍ ശമ്പളത്തില്‍ മൂന്ന് മാസത്തെ ജോലിക്കായാണ് താന്‍ ബഹ്‌റൈനിലെത്തിയതെന്നും എന്നാല്‍ വിമാനത്താവളത്തിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരും തന്റെ വിളിക്കാന്‍ വന്നില്ലെന്നും അന്വേഷണത്തിനിടെ പ്രതി വെളിപ്പെടുത്തി. 

'20 ദിനാര്‍ കൊടുത്താണ് ഉറങ്ങാനൊരു സ്ഥലം കണ്ടെത്തിയത്. അടുത്ത ദിവസവും ഇത് തുടര്‍ന്നു. ജോലിസ്ഥലത്ത് നിന്ന് വിളിച്ചുകൊണ്ടുപോകാനും ആരും വന്നില്ല. 5 ദിനാര്‍ ചെലവാക്കിയാണ് റൂമിലെത്തിയത്. മൂന്ന് മാസത്തെ കരാറിനു പകരം കമ്പനി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. കരാറിന്റെ കോപ്പി തരാനും കമ്പനി വിസമ്മതിച്ചു. കമ്പനിയുടെ താമസസ്ഥലത്തിന് 20ദിനാര്‍ ഈടാക്കി. മറ്റ് താമസക്കാരും അവിടെയുണ്ടായിരുന്നു. റൂംമേറ്റുമായുണ്ടായ വഴക്കിനിടെ താന്‍ കത്തിയെടുത്ത്കു ത്തിക്കൊലപ്പെടുത്തുകയായിരുന്നു. മറ്റുള്ളവര്‍ ഓടിമാറി'- പ്രതി വിശദമാക്കി. 

Related News