ബഹ്‌റൈനില്‍ ഹിജാബ് ധരിച്ച സ്ത്രീയെ റെസ്‌റ്റോറന്റില്‍ തടഞ്ഞതില്‍ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍

  • 28/03/2022



മനാമ: ഹിജാബ് ധരിച്ചെത്തിയ സ്ത്രീയ്ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തിരുന്നു. അദ്‌ലിയയിലെ പ്രശസ്ത ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് സംഭവം ഉണ്ടായത്. എന്നാല്‍ ഹിജാബ് ധരിച്ച സ്ത്രീയെ തടഞ്ഞത് ഇന്ത്യക്കാരനല്ലെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ദൃക്‌സാക്ഷി. 

ബഹ്‌റൈനിലെ പ്രശസ്ത റെസ്റ്റോറന്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ബഹ്‌റൈന്‍ സ്വദേശിയായ മറിയം നജിയാണ് ചിത്രീകരിച്ചത്. ഇത് പിന്നീട് വൈറലാകുകയും രാജ്യത്തെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. നജിയുടെ സുഹൃത്തായ സ്ത്രീയെയാണ് റെസ്റ്റോറന്റില്‍ തടഞ്ഞത്. എന്നാല്‍ സ്ത്രീയെ തടഞ്ഞത് ഇന്ത്യക്കാരനല്ലെന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷിയായ നജി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മാര്‍ച്ച് 26ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.

വാര്‍ത്തയിലും അഭ്യൂഹങ്ങളിലും തനിക്ക് വളരെയേറെ വിഷമം ഉണ്ടെന്നും മാനേജര്‍ ഇന്ത്യക്കാരനല്ലെന്നും നജി ട്വീറ്റില്‍ കുറിച്ചു. 'എന്നെ വിശ്വസിക്കൂ, എനിക്ക് ഇന്ത്യക്കാരെ കണ്ടാല്‍ അറിയാം. ദയവായി അങ്ങനെ ചെയ്യുന്നത് നിര്‍ത്തൂ. ഞാന്‍ അവിടെ കണ്ട കാര്യം ഒട്ടും സന്തോഷം നല്‍കുന്നതല്ല... റെസ്‌റ്റോറന്റ് ഉടമസ്ഥനോട് സംസാരിച്ചു, ഇന്ത്യക്കാരനാണ് അദ്ദേഹം. ഞങ്ങളോട് വളരെയധികം കരുണ കാണിച്ച അദ്ദേഹം, സംഭവിച്ച കാര്യത്തിന് ക്ഷമ ചോദിക്കുകയും ചെയ്തു. അതുകൊണ്ട് ഞങ്ങള്‍ അത് അവിടെ അവസാനിപ്പിച്ചു. ഇതാണ് സത്യം'- അവര്‍ കൂട്ടിച്ചേര്‍ത്തു.

Related News