ജോലി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന: നിയമലംഘകരായ നിരവധി പ്രവാസികള്‍ കുടുങ്ങി

  • 09/07/2022


മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. വടക്കന്‍ ഗവര്‍ണറേറ്റിലെ ജോലി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടന്നത്. 

ബഹ്റൈനിലെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പുമായി സഹകരിച്ചാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ജോലി സ്ഥലങ്ങളിലെത്തി തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ച് അവരുടെ വിവരങ്ങള്‍ പരിശോധിക്കുകയാണ് ചെയ്യുന്നത്. നിരവധി നിയമ ലംഘനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ തൊഴില്‍ വിപണിയിലെ തെറ്റായ പ്രവണതകളും നിയമ ലംഘനങ്ങളും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ പരിശോധനാ നടപടികള്‍. തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളോ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളുടെ കാര്യങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Related News