വ്യാജ എഞ്ചിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി: രണ്ട് പേര്‍ക്കെതിരെ നടപടി

  • 21/07/2022



മനാമ: ബഹ്റൈനില്‍ വ്യാജ എഞ്ചിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി ചെയ്യാനുള്ള ലൈസന്‍സ് സമ്പാദിച്ച രണ്ട് പേര്‍ക്കെതിരെ നടപടി. 38 വയസുകാരനായ സ്വദേശിക്കും 46 വയസുകാരനായ പ്രവാസിക്കുമെതിരെയാണ് ബഹ്റൈന്‍ ലോവര്‍ ക്രിമിനല്‍ കോടതിയില്‍ നടപടി തുടങ്ങിയത്. കുറ്റാരോപിതനായ പ്രവാസി ഒളിവിലാണ്.

പ്രതികള്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ജോലി ചെയ്‍തെന്നും ലൈസന്‍സിങ് രേഖകള്‍ കൃത്രിമമായി നിര്‍മിച്ചുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഒപ്പം ബഹ്റൈനില്‍ എഞ്ചിനീയര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ അംഗീകാരം നല്‍കുന്ന കൗണ്‍സിലില്‍ വ്യാജ രേഖകള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ച് ലൈസന്‍സ് നേടിയതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നടപടി നേരിടുന്ന സ്വദേശി 2007ലും പ്രവാസി 2014ലുമാണ് എഞ്ചിനീയറിങ് ലൈസന്‍സിന് വേണ്ടി അപേക്ഷ നല്‍കിയത്. പാകിസ്ഥാനിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് സമ്പാദിച്ച എഞ്ചിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു സമര്‍പ്പിച്ചിരുന്നത്. അപേക്ഷ പരിഗണിച്ച് ഇരുവര്‍ക്കും ലൈസന്‍സ് അനുവദിക്കുകയും ചെയ്തു.

Related News