ഖത്തറില്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്‍കൂളുകളുടെയും പ്രവൃത്തി സമയം കുറച്ചു; ഓഫീസുകളില്‍ 20 ശതമാനം ജീവനക്കാര്‍ മാത്രം

  • 09/10/2022



ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്ന ഖത്തറില്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്‍കൂളുകളുടെയും പ്രവൃത്തി സമയത്തിലും മാറ്റം വരുത്തി. ലോകകപ്പ് സമയത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന ക്യാബിനറ്റ് ഇത്തരമൊരു തീരുമാനമെടുത്തത്. 

നവംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ 20 ശതമാനം മാത്രമേ ഓഫീസുകളില്‍ നേരിട്ട് ഹാജരാവുകയുള്ളൂ. മറ്റുള്ളവര്‍ക്ക് താമസ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യും. ഡിസംബര്‍ 19 വരെ ഇത്തരത്തിലായിരിക്കും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം.

ഓഫീസുകളില്‍ ഹാജരാവുന്ന ജീവനക്കാരുടെ പ്രവൃത്തി സമയമാവട്ടെ നാല് മണിക്കൂറായി കുറച്ചിട്ടുമുണ്ട്.  രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെയായിരിക്കും ഇവരുടെ ജോലി സമയം. സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഭാഗങ്ങളെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ കമ്പനികളും സാധാരണ പോലെ പ്രവര്‍ത്തിക്കും.

നവംബര്‍ ഒന്ന് മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ സ്‍കൂളുകളുടെ പ്രവൃത്തി സമയവും കുറച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ ഉച്ച വരെയായിരിക്കും സ്‍കൂളുകളുടെ പ്രവര്‍ത്തനം. തുടര്‍ന്ന് നവംബര്‍ 18 മുതല്‍ ഡിസംബര്‍ 22 വരെ സ്‍കൂളുകള്‍ക്ക് അവധിയായിരിക്കും. ദോഹ സീഫ്രണ്ടിലൂടെയുള്ള മെയിന്‍ കോര്‍ണിഷ് റോഡ് നവബംര്‍ ഒന്ന് മുതല്‍ അടയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവിടെ ഫുട്‍ബോള്‍ ആരാധകര്‍ക്കുള്ള പ്രത്യേക ഫാന്‍ സോണ്‍ നിര്‍മിക്കും.

Related News