ലോകകപ്പ് റിപ്പോർട്ടിങ്ങിനിടെ അമേരിക്കൻ ഫുട്ബോൾ ജേണലിസ്റ്റ് കുഴഞ്ഞുവീണു മരിച്ചു

  • 10/12/2022



ദോഹ: പ്രശസ്ത അമേരിക്കൻ ഫുട്ബോൾ ജേണലിസ്റ്റ് ഗ്രാന്റ് വാൽ ലോകകപ്പ് റിപ്പോർട്ടിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച നടന്ന അർജന്റീന നെതർലാൻഡ്സ് ക്വാർട്ടർ ഫൈനൽ മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു അന്ത്യം.

വാലിന്റെ അപ്രതീക്ഷിത വിടവാങ്ങലിലുള്ള ഞെട്ടലിലാണ് യുഎസ് സോക്കർ. വിവരമറിഞ്ഞതിന്റെ ആഘാതത്തിലാണ് താനെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു..

സബ്‌സ്റ്റാക്ക് ഓൺലൈൻ പബ്ലിഷിംഗ് പ്ലാറ്റ്‌ഫോമിലേക്ക് മാറിയ മുൻ സ്‌പോർട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്‌പോർട്‌സ് ലേഖകനായ വാൽ, ഇന്നലെ നടന്ന നെതർലാൻഡ്‌സ് - അർജന്റീന മത്സരത്തെ കുറിച്ചാണ് അവസാനമായി ട്വീറ്റ് ചെയ്തത്.

ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വാലിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. “ഫുട്‌ബോളിനോടുള്ള അപാരമായ സ്‌നേഹത്തിന്” ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മാധ്യമപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുപ്രീം കമ്മറ്റി അറിയിച്ചു.

ക്വാർട്ടർ ഫൈനൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോൾ വാൽ കടുത്ത വിഷമം അനുഭവിച്ചതായി അദ്ദേഹത്തിന്റെ ഏജന്റ് ടിം സ്കാൻലാൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പ്രസ് ബോക്സിൽ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഫുട്ബോളിനോടുള്ള വാലിന്റെ സ്നേഹം വളരെ വലുതാണെന്നും ഫുട്ബാൾ പിന്തുടരുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ റിപ്പോർട്ടിംഗ് നഷ്ടമാകുമെന്നും ഫിഫ പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു.

Related News