ഖത്തറിന്റെ സ്വകാര്യമേഖലയിൽ നിന്നുള്ള കയറ്റുമതിയിൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്

  • 17/12/2022





ദോഹ:∙ ഈ വർഷം മൂന്നാം പാദത്തിൽ ഖത്തറിന്റെ സ്വകാര്യമേഖലയിൽ നിന്നുള്ള കയറ്റുമതിയിൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്. ഏകദേശം 131.079 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. മൊത്തം  കയറ്റുമതിയുടെ 14ശതമാനമാണിത്.  

ആകെ കയറ്റുമതിയുടെ 16.1 ശതമാനവുമായി  ഒമാൻ ആണ് ഒന്നാമത്-150.669 കോടി റിയാൽ.  രണ്ടാം സ്ഥാനത്ത് നെതർലൻഡ് (133.175 കോടി റിയാൽ), ചൈന നാലാം സ്ഥാനത്താണ് (61.69 കോടി റിയാൽ).  ആകെ കയറ്റുമതിയിൽ 79.7 ശതമാനവും ഇന്ത്യ ഉൾപ്പെടെയുള്ള 10 രാജ്യങ്ങളിലേക്കാണ്. 747.172 കോടി റിയാലിന്റെ ഉൽപന്നങ്ങൾ.  രാജ്യത്തിന്റെ സ്വകാര്യമേഖല കയറ്റുമതിയുടെ ആകെ മൂല്യം ഏകദേശം 937.826 കോടി റിയാലാണ്. സ്വകാര്യമേഖലയുടെ ഏഷ്യയിലേക്കുള്ള കയറ്റുമതിയിൽ പുരോഗതി രേഖപ്പെടുത്തി.  337.544 കോടി റിയാൽ മൂല്യം വരുമിത്. രാജ്യത്തിന്റെ ആകെ സ്വകാര്യ കയറ്റുമതിയുടെ 35.99 ശതമാനം.

രണ്ടാം സ്ഥാനത്താണ് യൂറോപ്യൻ യൂണിയൻ-കയറ്റുമതിയുടെ 30.99(290.648 കോടി  റിയാൽ) ശതമാനം. ജിസിസി രാജ്യങ്ങളാണ് മൂന്നാംസ്ഥാനത്ത്-ആകെ കയറ്റുമതിയുടെ 25.39 ശതമാനം  (238.122 കോടി റിയാൽ). നാലാം സ്ഥാനത്ത് യുഎസ്, അഞ്ചാമത് ജിസിസി ഒഴികെയുള്ള അറബ് രാജ്യങ്ങൾ, ആറാമത് അറബ് രാജ്യങ്ങൾ ഒഴികെയുള്ള ആഫ്രിക്കൻ രാജ്യങ്ങൾ, തൊട്ടുപിന്നിൽ മറ്റു അമേരിക്കൻ രാജ്യങ്ങൾ എന്നിങ്ങനെയാണ് പട്ടിക.  ഖത്തർ ചേംബർ ആണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. ഈ വർഷം മൂന്നാം പാദത്തിൽ സ്വകാര്യമേഖല 99 രാജ്യങ്ങളിലേക്കാണ് കയറ്റുമതി നടത്തിയത്.ഇതിൽ 30 ആഫ്രിക്കൻ രാജ്യങ്ങളും 21 ഏഷ്യൻ രാജ്യങ്ങളും 13 വീതം യൂറോപ്യൻ യൂണിയൻ, ജിസിസി ഒഴികെയുള്ള അറബ് രാജ്യങ്ങളും ഉൾപ്പെടും. 

പത്ത് അമേരിക്കൻ രാജ്യങ്ങളിലേക്കും അഞ്ചുവീതം ജിസിസി, മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും യുഎസ്സിലേക്കും ഓസ്ട്രേലിയയിലേക്കും കയറ്റുമതി നടത്തി.

Related News