ഖത്തർ ലോകകപ്പിൽ ഫ്‌ളൈ ദുബായ്ക്ക് വൻനേട്ടം: ദോഹയിൽ എത്തിച്ചത് 130,000 യാത്രക്കാരെ

  • 23/12/2022



ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബായ് ഫിഫ ലോകകപ്പിനായി ദുബായ് വേൾഡ് സെൻട്രലിനും (ഡിഡബ്ല്യുസി) ദോഹ ഇന്റർനാഷണൽ എയർപോർട്ടിനുമിടയിൽ സർവീസ് നടത്തിയത് 1,290 വിമാനങ്ങൾ. നവംബർ 21 നും ഡിസംബർ 19 നും ഇടയിൽ 130,000-ത്തിലധികം ഫുട്ബോൾ ആരാധകരെയാണ് ലോകകപ്പിനായി ഫ്ലൈ ദുബായ് ദോഹയിൽ എത്തിച്ചത്.

171 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ മത്സരങ്ങൾ കാണാൻ ദോഹയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയിട്ടുള്ളത് യുകെയിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. യുഎഇ, ഫ്രാൻസ്, അർജന്റീന, യുഎസ്, മൊറോക്കോ, ജോർദാൻ, കാനഡ, ബ്രസീൽ എന്നിവയാണ് യഥാക്രമം ഏറ്റവും കൂടുതൽ യാത്രക്കാരെ എത്തിച്ചിട്ടുള്ള അടുത്ത 8 രാജ്യങ്ങൾ. 

മാത്രമല്ല, ഷട്ടിൽ ഫ്ലൈറ്റുകളിൽ യാത്ര ചെയ്ത മൊത്തം യാത്രക്കാരുടെ 60 ശതമാനവും ഈ പത്ത് രാജ്യങ്ങളിൽ നിന്നാണ്. ഫ്ലൈ ദുബായ് പ്രസ്താവനയിൽ അറിയിച്ചു.
ഖത്തർ അധികാരികളുടെയും ദുബായിലെ എല്ലാ പങ്കാളികളുടെയും പിന്തുണയാലാണ് ദോഹയിലേക്കുള്ള പ്രത്യേക മാച്ച് ഡേ ഷട്ടിൽ സർവ്വീസ് വൻ വിജയമായത്. ഈ ഷട്ടിൽ ഫ്ലൈറ്റുകൾ കാരണം കൂടുതൽ ഫുട്ബോൾ പ്രേമികൾക്ക് യാത്ര ചെയ്യാനും ടൂർണമെന്റിന്റെ ആവേശം ആസ്വദിക്കാനും സാധിച്ചു.

DWC-യ്ക്കും DIA-യ്ക്കും ഇടയിൽ 30 ദിവസവും പ്രതിദിന ഷട്ടിൽ റിട്ടേൺ ഫ്ലൈറ്റുകൾ സർവീസ് നടത്തിയിരുന്നു. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റിലും ഒരു ഷട്ടിൽ ഫ്ലൈറ്റ് സർവീസ് നടത്തിയിട്ടുണ്ട്.ടൂർണമെന്റിന്റെ സമയത്തേക്ക് ഡിഡബ്ല്യുസിയിൽ താൽക്കാലികമായി വിന്യസിച്ച ഏഴ് ബോയിംഗ് 737 വിമാനങ്ങളാണ് ഇതിനായി പ്രവർത്തിപ്പിച്ചത്.

ഇത് ആവേശകരമായ മാസമായിരുന്നു വെന്നും ലോകകപ്പിന്റെ അസാധാരണ വിജയത്തിന് സംഭാവന നൽകിയതിൽ അഭിമാനിക്കുന്നതായും ഫ്‌ളൈ ദുബായ് സിഇഒ ഗൈത് അൽ ഗൈത്ത് പറഞ്ഞു.

Related News