ഖത്തർ എയർവെയ്‌സും വിമാന നിർമാണക്കമ്പനിയായ എയർബസും തമ്മിലുള്ള തർക്കം പരിഹരിച്ചു

  • 02/02/2023



ദോഹ : ഖത്തർ എയർവെയ്‌സും യൂറോപ്യൻ വിമാന നിര്മാണക്കമ്പനിയായ എയർബസും തമ്മിൽ ദീർഘനാളായി തുടരുന്ന അഭിപ്രായഭിന്നതകളും നിയമനടപടികളും രമ്യതയിലെത്തിയതായി റിപ്പോർട്ട്. ഖത്തർ എയർവെയ്‌സ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

'എ 350 വിമാനങ്ങളിലെ ഉപരിതല ഘടനയിലെ പിഴവും ഗ്രൗണ്ടിങിലെ സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഖത്തർ എയർവേയ്‌സും എയർബസും തമ്മിലുള്ള നിയമപരമായ തർക്കത്തിന് രമ്യമായ ഒത്തുതീർപ്പുണ്ടായതിൽ സന്തോഷമുണ്ട്'-ഖത്തർ എയർവെയ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി.

വിമാനത്തിന്റെ ഉപരിതല പാളിയിലെ അപാകതകളെച്ചൊല്ലി ഖത്തർ എയർവേയ്‌സുമായി 2 ബില്യൺ ഡോളറിന്റെ തർക്കം നിലനിൽക്കുന്നതിനിടെ എയർബസ് A350 വിമാനത്തിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തിയതായി നേരത്തെ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

മിന്നൽ സംരക്ഷണ സംവിധാനത്തിന്റെ പാളിയിൽ പെയിൻറ് ഇളകുകയും വിടവുകൾ കാണപ്പെടുകയും ചെയ്തതിനെ തുടർന്ന് വിമാനങ്ങളിലെ സുരക്ഷാ ഘടകങ്ങളെക്കുറിച്ച് ഖത്തർ എയർവെയ്‌സ് സംശയം ഉന്നയിച്ചിരുന്നു. ഇത് പിന്നീട് ഖത്തർ എയർവേയ്‌സും യു.കെ ആസ്ഥാനമായ എയർബസും തമ്മിൽ ബ്രിട്ടനിൽ A350-നെ ചൊല്ലിയുള്ള നിയമ പോരാട്ടം വരെ എത്തുകയായിരുന്നു. കാർബൺ ഫ്യൂസ്‌ലേജിനും പുറം പെയിന്റിനും ഇടയിലുള്ള ഒരു ചെമ്പ് ഫോയിലിനെ ചുറ്റിപ്പറ്റിയായിരുന്നു പ്രധാനമായും ഖത്തർ എയർവെയ്‌സ് ആരോപണമുന്നയിച്ചത്.

എയർബസ് തങ്ങളുടെ എ350 വിമാനം മാറ്റാൻ തുടങ്ങിയതായും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതായും ഖത്തർ എയർവെയ്‌സ് കഴിഞ്ഞ വ്യാഴാഴ്ച ലണ്ടനിലെ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രശ്നം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായുള്ള സൂചനകൾ പുറത്തുവന്നിരുന്നു.

Related News