യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിനെ സ്വീകരിച്ച് കുവൈത്ത് അമീർ

  • 13/05/2024


കുവൈത്ത് സിറ്റി: യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിനെ ബയാൻ പാലസിൽ സ്വീകരിച്ച് കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. കൂടിക്കാഴ്ചയിൽ അദ്ദേഹത്തിൻ്റെ പിന്തുണയ്ക്കും സഹകരണത്തിനും അമീർ നന്ദി അറിയിച്ചു. ശ്രദ്ധേയമായ സേവനങ്ങൾക്ക് ഗുട്ടെറസിന് ഓർഡർ ഓഫ് കുവൈത്ത് - റിബാൻഡ് ഓഫ് സ്പെഷ്യൽ ക്ലാസ് നൽകി ഹിസ് ഹൈനസ് അമീർ ആദരിക്കുകയും ചെയ്തു. 

മാനുഷിക പ്രവർത്തനങ്ങൾക്ക് കുവൈത്ത് ഭരണകൂടം എപ്പോഴും പിന്തുണ നൽകുമെന്ന് ഹിസ് ഹൈനസ് അമീർ ഗുട്ടെറസിന് ഉറപ്പ് നൽകി. ഐക്യരാഷ്ട്രസഭയെ പ്രതിനിധീകരിച്ച്, പ്രത്യേകിച്ച് ഗാസയിൽ കൊല്ലപ്പെട്ട 200-ഓളം യുഎൻ അംഗങ്ങൾക്ക് വേണ്ടി ഈ ആദരം ഏറ്റുവാങ്ങുന്നുവെന്ന് ഗുട്ടെറസ് പറഞ്ഞു. യുഎൻ ഹൈക്കമ്മീഷണറായിരുന്നപ്പോൾ സിറിയൻ അഭയാർത്ഥികൾക്ക് പിന്തുണ കണ്ടെത്താൻ കഴിയാതെ വന്ന അവസ്ഥയെ കുറിച്ചും ​ഗുട്ടെറസ് ഓർമ്മ പങ്കുവെച്ചു. സിറിയൻ അഭയാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി മൂന്ന് അന്താരാഷ്ട്ര കോൺഫറൻസുകൾ സംഘടിപ്പിച്ച വ്യക്തിയാണ് അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ-അഹമ്മദ് അൽ ജാബർ അൽ സബാഹെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News