കുവൈത്തിൽ കർശന വാഹന പരിശോധന; 25,850 നിയമലംഘനങ്ങൾ കണ്ടെത്തി

  • 14/05/2024


കുവൈത്ത് സിറ്റി: റോഡുകളിൽ പരമാവധി അച്ചടക്കം ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമ ലംഘകരെ പിടികൂടുന്നതിനുമായി കർശന പരിശോധന ക്യാമ്പയിനുമായി അധികൃതർ. ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ. മെയ് അഞ്ച് മുതൽ 10 വരെ നടത്തിയ പരിശോധനകളിൽ 25,850 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 34 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്യുകയും ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് 25 വ്യക്തികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിൻ്റ് ചെയ്ത വിൻഡോ, സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തത്, സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കാത്തത് തുടങ്ങി വ്യത്യസ്ത നിയമലംഘനങ്ങൾക്ക് 64 വാഹനങ്ങളും 34 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. വിശ്വാസവഞ്ചനയ്ക്കും മറ്റ് കേസുകളിലും 46 വാഹനങ്ങൾ പിടിച്ചെടുത്തു. ജയിൽ ശിക്ഷ അനുഭവിക്കാത്തതിന് ഒമ്പത് പേരെയും ഒളിവിൽ പോയതിന് മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

Related News