കോവിഡ് വാക്സിന്‍ കുത്തിവെപ്പ് മന്ദഗതിയിലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

  • 12/01/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ്  വാക്സിന്‍ കുത്തിവെപ്പ് പതുക്കെയെന്ന് ആക്ഷേപം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിദേശത്ത് നിന്ന് വാക്സിനുകൾ കൊണ്ടുവരുന്നതിനും  മുൻ‌ഗണനയുള്ളവര്‍ക്ക്  അവ നൽകുന്നതിനും വേഗത കുറവാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിമർശിച്ചു.അമേരിക്കൻ കമ്പനിയായ ഫൈസറും ജർമ്മൻ പങ്കാളിയായ ബയോടെക്കും വികസിപ്പിച്ചെടുത്ത വാക്സിന്‍ ആണ് രാജ്യത്ത് ഉപയോഗിക്കുന്നത്.  ജനസംഖ്യയുടെ 65% പേർക്ക് കുത്തിവയ്പ്പിലൂടെ മാത്രമേ കോവിഡ് പോലുള്ള പകർച്ചവ്യാധി തടയുന്നതിനുള്ള  സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനാകൂവെന്നും പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാതെ കോവിഡ് ഭീഷണിയില്‍ നിന്നും  രാജ്യം മുക്തമാകില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ പിന്തുണയുണ്ടായിട്ടും വാക്സിനുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പ് വെക്കുവാന്‍ ആരോഗ്യ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. 

ആഗോളാടിസ്ഥാനത്തില്‍ കോവിഡിനെതിരേള്ള കുത്തിവെപ്പുപോരാട്ടത്തിൽ ഇസ്രയേലാണ്  മുന്നിൽ നില്‍ക്കുന്നത്. ഇതിനോടകം പത്തുലക്ഷം പേരാണ്  കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തത്. 21 ശതമാനമാണ്  രാജ്യത്തെ കുത്തിവെപ്പ് നിരക്ക് . വാക്സിന്‍ കുത്തിവെപ്പിന്റെ കാര്യത്തിൽ യുഎഇ ആണ്  രണ്ടാംസ്ഥാനത്ത്. 11 ശതമാനമാണ് ഇവിടത്തെ കുത്തിവെപ്പ് നിരക്ക്. 5 ശതമാനത്തോടെ ബഹറൈന്‍ മൂന്നാം സ്ഥാനത്തുമാണ് . അമേരിക്കയിൽ ഡിസംബർ 30 വരെ നടന്നത് ആകെ 27.8 ലക്ഷം കുത്തിവെപ്പുകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് . 

60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും രോഗസാധ്യതയുള്ള മറ്റ് വിഭാഗക്കാർക്കുമാണ്  മുൻഗണന നല്‍കുന്നത്. സ്വദേശികളും വിദേശികളുമടക്കം രാജ്യത്ത് 4.82 മില്യണ്‍ ജനസംഖ്യയാണുള്ളത്. ഇവരില്‍ ബഹുഭൂരിപക്ഷവും വിദേശികളാണ്. വിദേശികള്‍ 3.40 മില്യനും സ്വദേശികള്‍ 1.42 മില്യനുമാണ്.കോവിഡ് -19 നുള്ള വാക്സിനേഷൻ കാമ്പെയ്ൻ ആരംഭിച്ച് രണ്ടാഴ്ചയിലേറെയായിട്ടും ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം പന്ത്രണ്ടായിരത്തോളം ആളുകളാണ് വാക്സിന്‍ സ്വീകരിച്ചത്. ആകെ ജനസംഖ്യയുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ  0.25 ശതമാനാം മാത്രമാണിത്. കോവിഡിനെ പ്രതിരോധിക്കുവാന്‍ ആവശ്യമായ വാക്സിനുകൾ കൊണ്ടുവരാൻ മന്ത്രിസഭ ആരോഗ്യ അധികാരികൾക്ക് വിശാലമായ അധികാരങ്ങൾ നൽകിയിട്ടും വലിയ അളവില്‍ വാക്സിന്‍ എത്തിക്കുവാന്‍ സാധിക്കാത്തത് ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്ക ഉയർത്തുന്നു. അതിനിടെ ഫൈസറിന് പുറമേ  അന്താരാഷ്ട്ര അംഗീകാരമുള്ള വാക്സിനുകളായ  മോഡേണ, അസ്ട്രസെനെക-ഓക്സ്ഫോർഡ് വാക്സിനുകളും രാജ്യത്ത് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി വാര്‍ത്തകളുണ്ട്. 

ആദ്യ ഘട്ടത്തില്‍ മെഡിക്കൽ സ്റ്റാഫ്, വയോജനങ്ങൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ,പ്രതിരോധ പ്രവര്‍ത്തകര്‍,പ്രത്യേക ആവശ്യങ്ങളുള്ള ആളുകള്‍ക്ക് മാത്രമാണ് വാക്സിന്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കമ്മ്യൂണിറ്റി പ്രതിരോധശേഷി ലഭ്യമാക്കുന്നതിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കൊറോണ വാക്സിനുകൾ എടുക്കുന്നതിനുള്ള വേഗത ത്വരിതപ്പെടുത്തേണ്ട കാര്യം ചൂണ്ടിക്കാട്ടിയ ആരോഗ്യ വിദഗ്ധര്‍  രാജ്യത്തെ ജനസംഖ്യയുടെ 65% പേർക്കെങ്കിലും കുത്തിവയ്പ്പ് എടുത്താല്‍ മാത്രമേ സാമൂഹിക പ്രതിരോധശേഷി കൈവരിക്കുവാന്‍ സാധിക്കുള്ളൂവെന്ന് വ്യക്തമാക്കി. ശൈത്യകാലം ആരംഭിച്ചതിനാല്‍ സീസണൽ ഇൻഫ്ലുവൻസ, ന്യുമോണിയ, പനി തുടങ്ങിയ അസുഖങ്ങള്‍ ബാധിക്കുവാന്‍ സാധ്യത ഏറെയാണെന്നും ശക്തമായ പ്രതിരോധ കവചം തീര്‍ത്തില്ലെങ്കില്‍ കോവിഡ് വ്യാപനം കൂടുമെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. 

അതിനിടെ 9 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള യു.എ.ഇയില്‍ 11% ശതമാനം കുത്തിവെപ്പും ബഹറിനില്‍ അഞ്ച് ശതമാനവും കുത്തിവെപ്പാണ് എടുത്തത്. ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഇസ്രയേലിൽ ഫൈസർ ബയോൺടെക് വാക്സിൻ കുത്തിവെപ്പ് ആരംഭിക്കുന്നത് ഡിസംബർ 19-നാണ്. ദിവസം 1.5 ലക്ഷം പേർക്കാണ് വാക്സിൻ നൽകുന്നത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും രോഗസാധ്യതയുള്ള മറ്റ് വിഭാഗക്കാർക്കുമാണ് മുൻഗണന. ഫെബ്രുവരിയോടെ ഇസ്രയേലിനെ കോവിഡ് മുക്തമാക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കൃത്യമായ ഒത്തിണക്കത്തോടെ പ്രതിരോധ കുത്തിവയ്പ്പുകളുടെ പാതയിലേക്ക് രാജ്യം നീങ്ങിയാല്‍ മാത്രമേ കോവിഡ് മഹാമാരിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുവാന്‍ സാധിക്കുള്ളൂവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

Related News