ഗൃഹനാഥന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ; മരിച്ചത് അറിഞ്ഞില്ലെന്ന് വീട്ടുകാര്‍

  • 15/12/2021

കണ്ണൂർ: കണ്ണൂർ തളാപ്പിലെ വീട്ടിൽ ഗൃഹനാഥന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. അറുപത്തിയേഴ് വയസുള്ള അബ്ദുൽ റാസിഖിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. എന്നാല്‍ മരണവിവരം അറിഞ്ഞില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

കുടുംബ സമേതം താമസിക്കുന്ന വീട്ടിൽ നിന്നാണ് ഗൃഹനാഥന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മരണപ്പെട്ട അബ്ദുൾ റാസിഖിന്റെ കൊച്ചുമകൻ സമീപത്തുള്ളവരെ വീട്ടിലേക്ക് വരാൻ വിളിക്കുന്നത്. മുറിക്കുള്ളിൽ നിന്നും ദുർഗന്ധം ഉയരുന്നുവെന്ന് കുട്ടി അയൽക്കാരോട് പറഞ്ഞു. വീട്ടിലെത്തിയവർ കാണുന്നത് ദിവസങ്ങൾ പഴക്കമുള്ള അബ്ദുൾ റാസിഖിന്റെ മൃതദേഹം. ഉടൻ തന്നെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. മുറിക്കുള്ളിലായിരുന്ന അബ്ദുൾ റാസിഖ് മരിച്ച വിവരം അറിഞ്ഞില്ലെന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നാലുപേർ താമസിച്ച വീട്ടിലെ ഒരു മുറിയിൽ ഒരാൾ മരിച്ച് ദിവസങ്ങളായിട്ടും വീട്ടുകാർ അറിഞ്ഞില്ലെന്നത് ഏറെ ദുരൂഹമാണെന്നാണ് പൊലീസിന്റെ നിഗമനം. 



Related News