ഡി-ലിറ്റ് വിവാദം: വിവാദമുണ്ടാക്കുന്നവരെ ഭരണഘടനാ തത്വങ്ങൾ ഓർമ്മിപ്പിച്ച് ഗവർണർ

  • 02/01/2022

കൊച്ചി: ഡി-ലിറ്റ് വിവാദത്തിൽ 'വിവാദമുണ്ടാക്കുന്നവർ ഭരണഘടന വായിക്കണമെന്ന് ഓർമ്മിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയുടെ 51 (എ) അനുഛേദം ഓർമ്മിച്ചാണ് വിവാദ വിഷയത്തിൽ ഗവർണറുടെ പ്രതികരണം. രാഷ്ട്രപതി, ഗവർണ്ണർ പദവികൾ ഭരണഘടനാ സ്ഥാപനങ്ങളാണെന്നും ഭരണഘടനാ തത്വങ്ങൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

രാഷ്ട്രപതിക്ക് ഡി- ലിറ്റ് നൽകാൻ ശുപാർശ ചെയ്തുവെന്ന വാർത്ത നിഷേധിക്കാതെയാണ് ഗവർണ്ണറുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. 'വിവാദമുണ്ടാക്കുന്നവർ ഭരണഘടന വായിക്കണം. എല്ലാവരും നിയമവും ഭരണഘടനയും മനസിലാക്കിയാകണം പ്രതികരിക്കേണ്ടത്. അജ്ഞത കൊണ്ട് ചിലർ നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകുന്നില്ല'. ഡി- ലിറ്റ് വിവാദത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഗവർണറുടെ ഓഫീസിനെ ചർച്ചാ വിഷയമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നൽകണമെന്ന ശുപാശ തള്ളിയതാണ്  സർക്കാർ-  ഗവർണ്ണർ പോരിന് കാരണമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ഇടപെട്ട് തള്ളിയതാണ് രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമെന്ന് ഗവർണ്ണർ സൂചിപ്പിച്ചതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയതോടെ വിഷയം വിവാദമായി.

Related News