ഫ്ലാറ്റില്‍ ലഹരി പാര്‍ട്ടി; പൊലീസിനെ പേടിച്ച് എട്ടാം നിലയിൽ നിന്ന് ചാടി യുവാവ്, മാരക ലഹരിവസ്തുക്കള്‍ പിടികൂടി

  • 02/01/2022

കൊച്ചി: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഫ്‌ളാറ്റില്‍ മാരക ലഹരിവസ്തുവായ എം.ഡി.എം.എ. ഉള്‍പ്പെടെ ഉപയോഗിച്ച് പാര്‍ട്ടി നടത്തുന്നതിനിടെ യുവതി ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് പിടികൂടി. വെള്ളിയാഴ്ച ഉച്ചയ്ക്കു മുൻപാണ് സംഭവം ഉണ്ടായത്. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്ലാറ്റിൽ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. 

തൊടുപുഴ മുള്ളരിങ്ങാട് തേക്കിന്‍കാട്ടില്‍ വീട്ടില്‍ മറിയം (20), കോഴിക്കോട് ബാലുശ്ശേരി ചലിക്കണ്ടി വീട്ടില്‍ ഷിനോ മെര്‍വിന്‍ (28), കൊല്ലം ഓച്ചിറ സജന ഭവനില്‍ റിജു (38), കായംകുളം ഭരണിക്കാട് ചെങ്ങള്ളില്‍ അനീഷ് (25), കൊല്ലം കരുനാഗപ്പള്ളി കടത്തൂര്‍ നജീബ് (40) എന്നിവരുടെ അറസ്റ്റാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശി അതുല്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.  

ലഹരി പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെതുടർന്നു പൊലീസ് എത്തിയതറിഞ്ഞ്, 15 നിലയുള്ള ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് അതുലിന് പരിക്കേറ്റത്.  പൊലീസിനെ കണ്ട് താഴേക്ക് ചാടിയ അതുല്‍, കാർ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് വീണത്. ഷീറ്റു തുളച്ചു താഴെ വീണ ഇയാളുടെ തോളെല്ലിന് പരിക്കേറ്റു. യുവാവിനെ കാക്കനാട് സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു.  അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ.യും ആറ് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തിരുന്നു. പരിക്കേറ്റയാളെ ആശുപത്രി വിടുന്ന മുറയ്ക്ക് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്‍റെ തീരുമാനം.

Related News