വാക്‌സീനേഷനിൽ കേരളത്തിന് നേട്ടം, 18 വയസിന് മുകളിലെ 99 % പേർക്ക് ആദ്യ ഡോസ് നൽകി

  • 06/01/2022

തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേർക്ക് (2,63,14,853) ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 18 വയസിന് മുകളിലുള്ള 81 ശതമാനം പേർക്ക് (2,14,87,515). രണ്ട് ഡോസ് വാക്‌സീനും നൽകി.  ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,80,17,883 ഡോസ് വാക്സിനാണ് നൽകിയത്.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകൾ 100 ശതമാനം ആദ്യ ഡോസ് വാക്സിനേഷൻ നടത്തിയിട്ടുണ്ട്. ഒമിക്രോൺ സാഹചര്യത്തിൽ സംസ്ഥാനത്തെ വാക്സിനേഷൻ വളരെ വേഗം മുന്നോട്ട് പോകുന്നത് ആശ്വാസകരമാണ്. 100 ശതമാനം പേരേയും വാക്സിനെടുപ്പിച്ച് സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 70,852 കുട്ടികൾക്ക് ഇന്ന് കോവിഡ് വാക്സീൻ നൽകിയിട്ടുണ്ട്. 10,141 ഡോസ് വാക്സിൻ നൽകിയ പാലക്കാട് ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകിയത്. 6739 പേർക്ക് വാക്സിൻ നൽകി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 6374 പേർക്ക് വാക്സിൻ നൽകി തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 2,15,515 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ആകെ 14 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകാനായെന്നും മന്ത്രി വ്യക്തമാക്കി.

Related News