നഴ്‌സ് വേഷത്തിലെത്തി മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി; അതിവേഗം കണ്ടെത്തി പോലീസ്, യുവതി പിടിയില്‍

  • 06/01/2022

കോട്ടയം കോട്ടയം: മെഡിക്കല്‍ കോളജിലെ പ്രസവ വാർഡിൽനിന്ന് മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ പോലീസ് പിടികൂടി.  നഴ്സിന്റെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടിയെടുത്ത കളമശേരിയിൽ താമസിക്കുന്ന തിരുവല്ല സ്വദേശി നീതുവാണ് (23)പിടിയിലായത്. 

കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി ഒരു മണിക്കൂറിനകമാണ് കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തെ ഹോട്ടൽ മുറിയിൽനിന്ന് സ്ത്രീ പിടിയിലായത്. കുഞ്ഞിനെ ഇവരുടെ പക്കൽനിന്ന് കണ്ടെത്തി. വ്യാഴാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. കുഞ്ഞിന് മഞ്ഞ നിറം കൂടുതലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ കാണിക്കണമെന്നും പറഞ്ഞാണ് നഴ്സിന്‍റെ വേഷത്തിലെത്തിയ യുവതി കുഞ്ഞിനെ വാങ്ങിക്കൊണ്ട് പോയത്. 

കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ തങ്ങൾ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെ ഹോട്ടലിൽ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം മറ്റൊരു ആൺകുട്ടിയുമുണ്ട്.

നവജാതശിശുവിനെ തിരിച്ചു കിട്ടിയതിൽ നിർണായകമായത് ഒരു ടാക്സി ഡ്രൈവറുടെ ഇടപെടലാണ്. തട്ടിയെടുത്ത കുഞ്ഞുമായി ന​ഗരത്തിലെ ഹോട്ടലിൽ എത്തിയ യുവതി ഇവിടെ നിന്നും ടാക്സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്. കുഞ്ഞുമായി ഹോട്ടലിൽ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാൻ ഒരു ടാക്സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുട‍ർന്ന് ഹോട്ടൽ ജീവനക്കാർ സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നും അലക്സ് എന്നയാളുടെ ടാക്സി വിളിച്ചു വരുത്തി. 

അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഒരു നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്സ് ഇവരെ അറിയിച്ചു.  തുട‍ർന്ന് അലക്സ് ഹോട്ടൽ മാനേജറേയും മാനേജർ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.   വിവരം ലഭിച്ചയുടൻ ഹോട്ടലിൽ എത്തിയ പൊലീസ് സംഘം കുഞ്ഞിനെ വീണ്ടെടുക്കുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുട‍ർന്ന് ​ഗാന്ധിന​ഗർ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറി.


Related News