കെ റെയിൽ നഷ്ടപരിഹാരം; ഗ്രാമ-നഗരങ്ങളിലെ നഷ്ട പരിഹാര തുകയിൽ അവ്യക്തത

  • 06/01/2022

തിരുവനന്തപുരം: കെ റെയിൽ നഷ്ടപരിഹാരത്തിൽ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളിൽ ലഭിക്കുന്ന തുകയിൽ അവ്യക്തത തുടരുന്നു. സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക. ഗ്രാമങ്ങളിൽ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തിൽ അത്രകണ്ട് വിലഉയരില്ല. 

തലസ്ഥാനത്തെ ജനസമക്ഷം പരിപാടിക്ക് തൊട്ട് മുന്നോടിയായാണ് സർക്കാർ നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അന്തിമ കണക്ക് നിശ്ചയിക്കാൻ സമയമാകാത്തത് കൊണ്ട് തന്നെ പരിഗണിക്കപ്പെടുന്ന നഷ്ടപരിഹാരം എന്ന് അടിവരയിട്ടാണ് കണക്ക് പുറത്തുവിട്ടിട്ടുള്ളത്.കെറെയിലിന് വേണ്ടി വമ്പൻ നഷ്ടപരിഹാരം എന്ന രാഷ്ട്രീയപ്രചാരണത്തിലും സർക്കാർ പിന്തുടരുന്നത് 2013 ഭൂമിയേറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥതകൾ.നഗര ഗ്രാമ ദൂരത്തിലും ഘടനയിലും ദേശീയ സ്ഥിതിയിൽ നിന്ന് കേരളം വ്യത്യസ്തമെന്നിരിക്കെയാണ് നഷ്ടപരിഹാരം സംബന്ധിച്ചും അവ്യക്തതയുള്ളത്.

ഭൂമി ഏറ്റെടുക്കൽ നടക്കുന്ന പ്രദേശത്ത് നടന്ന മൂന്ന് ഭൂമിയിടപാടുകളുടെ ശരാശരിയെടുത്ത് അതിൽ ഉയർന്ന നിരക്ക് കണക്കിലെടുക്കുന്നതാണ് അടിസ്ഥാന മാനദണ്ഡം. ഗ്രാമങ്ങളിൽ അടിസ്ഥാന വിലയുടെ നാലിരട്ടി എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും നിയമത്തിലെ വ്യവസ്ഥ പ്രകാരം വൈരുദ്ധ്യമുണ്ട്.നഗരത്തിൽ നിന്നും നാൽപത് കിലോമീറ്റർ പിന്നിട്ട് കിടക്കുന്ന പദ്ധതി പ്രദേശങ്ങളിൽ മാത്രമാണ് ഈ നിലയിൽ നഷ്ടപരിഹാരം ലഭിക്കുക.

നഗരസഭയുടെ അതിർത്തി പിന്നിട്ട് പത്ത് കിലോമീറ്റർ വരെ വിലയുടെ അഞ്ചിലൊന്ന് കൂടി അധികമായി പരിഗണിക്കും.ഇരുപത് കിലോമീറ്ററിൽ വിലയുടെ അഞ്ചിൽ രണ്ടു കൂടി കണക്കിലെടുക്കും അങ്ങനെ നാൽപത് കിലോമീറ്റർ പിന്നിടുമ്പോഴാണ് ഇരട്ടി വിലയാകുക.ഇങ്ങനെ കണക്കാക്കുന്ന തുകയുടെ ഇതിൻറെ നൂറ് ശതമാനം കൂടി അധികം നൽകുമ്പോഴാണ് സർക്കാർ അവകാശപ്പെടുന്നത് പോലെ നാലിരട്ടിയാകുക.

Related News