അനുപമയുടെയും അജിത്തിന്റെയും കൈപിടിച്ച് എയ്ഡൻ; കടൽത്തീരത്തെ ഫോട്ടോഷൂട്ട് വൈറൽ

  • 07/01/2022

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ഏറെനാൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ തിരികെ ലഭിച്ചത്. ഇതിനുപിന്നാലെ പരാതിക്കാരായ അനുപമയും അജിത്തും കഴിഞ്ഞ ആഴ്ച നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുഞ്ഞ് എയ്ഡനൊപ്പം പുതിയ ജീവതം ആരംഭിച്ചതിന്റെ സന്തോഷത്തിലാണിപ്പോൾ അനുപമയും അജിത്തും. കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും പുതിയ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കടൽത്തീരത്ത് നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണിവ. അച്ഛന്റെയും അമ്മയുടെയും കൈയിൽ തൂങ്ങി കടൽത്തീരത്തുകൂടി മുണ്ടും ഷർട്ടും ധരിച്ച് നടന്നുനീങ്ങുന്ന എയ്ഡൻ തന്നെയാണ് ഫോട്ടോയിലെ താരം. കുഞ്ഞിനെ തിരികെ കിട്ടിയ ശേഷമുള്ള ഇരുവരുടെയും സന്തോഷമാണ് ഫോട്ടോകളിൽ നിറയുന്നത്. 

കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം കേരളത്തിൽ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിപിഎമ്മിനെയും സർക്കാരിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ച വിവാദമായിരുന്നു ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ വിഷയം. നിയമപോരാട്ടത്തിനൊടുവിൽ ഒന്നരമാസങ്ങൾക്ക് മുമ്പാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചിരുന്നത്. 

അനുപമയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച കുഞ്ഞിനെ പിന്നീട് ആന്ധ്രാ ദമ്പതികൾക്ക് ദത്ത് നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ താത്കാലിക ദത്ത് നിർത്തലാക്കിയാണ് ആന്ധ്രാ ദമ്പതികളിൽ നിന്ന് കുഞ്ഞിനെ കോടതിവഴി അനുപമയ്ക്ക് കൈമാറിയത്. 

Related News