ക്രൈം ബ്രാഞ്ചിൽ ക്ലാസ്സെടുക്കുന്ന ജോലി, ഫ്ലാറ്റിൽ പാട്ടും ബഹളവും; നീതു പ്രദേശ വാസികളോട് പറഞ്ഞതെല്ലാം നുണ

  • 08/01/2022

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതു വ്യക്തി വിവരങ്ങളും തൊഴില്‍ വിവരങ്ങളും പ്രദേശത്തുള്ളവരോട് മറച്ചുവെച്ചാണ് കളമശേരിയില്‍ കഴിഞ്ഞിരുന്നതെന്ന് വിവരം.


ക്രൈബ്രാഞ്ചിലെ പൊലീസുകാര്‍ക്ക് ക്ലാസെടുക്കുന്ന ജോലിയാണ് തനിക്കെന്നാണ് പ്രദേശവാസികളോട് പറഞ്ഞിരുന്നത്. ഭര്‍ത്താവിന് ജോലി ഷിപ്പിലാണെന്നും, വിദേശ രാജ്യങ്ങളിലായിരുന്നതിനാല്‍ വല്ലപ്പോഴും മാത്രമെ നാട്ടിലെത്തുകയുള്ളുവെന്നുമാണ് വാടക വീട്ടിന്റെ ഉടമസ്ഥരോട് പറഞ്ഞിരുന്നത്.

കളമശേരി മൂലേപ്പാടത്തെ വീട്ടിലേക്ക് മാറുന്നതിന് മുന്‍പ് താമസിച്ചിരുന്ന ഫ്ലാറ്റില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. രാത്രി മുഴുവന്‍ നീതുവിന്റെ ഫ്ലാറ്റില്‍ നിന്ന് ഉച്ചത്തില്‍ പാട്ടു വച്ചു ഡാന്‍സും ബഹളവുമായിരുന്നെന്നും ഇതോടെ സുരക്ഷാ ജീവനക്കാര്‍ക്ക് പരാതി നല്‍കിയെന്നും സമീപവാസികള്‍ പറയുന്നു. ജീവനക്കാര്‍ വിഷയം ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കത്തിലേക്ക് കാര്യങ്ങളെത്തി. ഇതോടെയാണ് ഫ്ളാറ്റ് വിട്ട് കളമശേരി മൂലേപ്പാടത്തേക്ക് മാറുന്നത്.

ഭര്‍ത്താവ് വിദേശത്താണെന്നാണ് മുലേപ്പാടത്തുള്ളവരോടും പറഞ്ഞിരുന്നു. പാട്ടും ബഹളവും ഉണ്ടായിരുന്നെങ്കിലും വീട്ടുടമസ്ഥര്‍ കാര്യമാക്കിയില്ല. ജോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കാനാണെന്ന് കരുതിയാണ് ഇതില്‍ ഇടപെടാതിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയങ്ങളിലെല്ലാം ഇബ്രാഹീം ബാദുഷ വാടക വീട്ടിലുണ്ടായിരുന്നു. ഇന്‍ഫോ പാര്‍ക്കിലെ ഐടി സ്ഥാപനവുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലാണ് നീതുവിനു ജോലിയെന്നായിരുന്നു മുലേപ്പാടത്തുള്ളവരോട് പറഞ്ഞിരുന്നത്

Related News