കൊവിഡ് ബൂസ്റ്റർ ഡോസ് നാളെ മുതൽ, ബുക്കിംഗ് ആരംഭിച്ചു

  • 09/01/2022

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബൂസ്റ്റർ ഡോസ് വാക്‌സീനായുള്ള ബുക്കിംഗ് ആരംഭിച്ചു. കോവിൻ പോർട്ടലിൽ തന്നെയാണ് ബൂസ്റ്റർ ഡോസിന് വേണ്ടിയും ബുക്ക് ചെയ്യേണ്ടത്. ഓൺലൈനായി ബുക്ക് ചെയ്തും നേരിട്ട്  സ്‌പോട്ടിലെത്തിയും വാക്‌സീൻ എടുക്കാം. 

നാളെ മുതൽ വാക്‌സീൻ വിതരണം ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. രണ്ടാംഡോസ് വാക്‌സീൻ എടുത്ത്  ഒമ്പത് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ  ഡോസ് വാക്‌സീൻ ലഭിക്കുക. വാക്‌സീൻ ലഭിക്കാനായി പ്രത്യേകം രജിസ്‌ട്രേഷൻ ആവശ്യമില്ല. 

അതിനിടെ കൗമാരക്കാർക്കുള്ള വാക്‌സീനേഷന് വേണ്ടിയുള്ള ഊർജ്ജിത യജ്ഞം നാളെ അവസാനിക്കും. കൗമാരക്കാർക്ക് ബുധനാഴ്ച്ചയൊഴികെ ആഴ്ച്ചയിൽ എല്ലാ ദിവസവും വാക്‌സീൻ നൽകിയിരുന്ന രീതിയായിരുന്നു ഇതുവരെയുണ്ടായിരുന്നത്. എന്നാൽ മറ്റന്നാൾ മുതൽ ആഴ്ച്ചയിൽ നാല് ദിവസം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലുമാണ് വാക്‌സീൻ ലഭിക്കുക. ഈ വിഭാഗത്തിലെ വാക്‌സീനേഷൻ നാലരലക്ഷത്തിലെത്താറായി. കേരളത്തിൽ ആകെ 15 ലക്ഷം കുട്ടികൾക്കാണ് വാക്‌സിൻ നൽകേണ്ടത്. 

Related News