'ദേഹത്ത് കൈവച്ച പോലീസുകാരന്റെ കൈവെട്ടണം, അഞ്ച് പേരും അനുഭവിക്കും'; ദിലീപിനെതിരായ എഫ്‌ഐആർ പുറത്ത്

  • 09/01/2022

കൊച്ചി: നടൻ ദിലീപിനെതിരായ പുതിയ കേസിന്റെ എഫ്ഐആർ പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നത്. 

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനിൽ 6/2022 ആയിട്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്. 2017 നവംബർ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടിൽവെച്ചാണ് ഗൂഢാലോചന നടന്നതെന്നും എഫ്ഐആറിൽ പറയുന്നു. 

കേസിലെ ഒന്നാംപ്രതി ഗോപാലകൃഷ്ണൻ എന്ന ദിലീപാണ്. രണ്ടാം പ്രതി ദിലീപിന്റെ സഹോദരൻ അനൂപുമാണ്. ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാമത്തെ പ്രതി കണ്ടാൽ അറിയാവുന്ന ആൾ എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ബൈജു പൗലോസിന്റെ പരാതിയിലാണ് എഫ്ഐആർ.

Related News