പ്രധാനമന്ത്രിക്കെതിരേ വാഹനത്തിൽ എഴുതി പ്രതിഷേധം; ഉത്തർപ്രദേശ് സ്വദേശി കസ്റ്റഡിയിൽ

  • 10/01/2022

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രതിഷേധ മുദ്രാവാക്യങ്ങൾ എഴുതിയ വാഹനത്തിന്റെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ രമൺജിത്ത് സിങ്ങി(37)നെയാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിൽ എടുത്തത്.

വാഹനങ്ങളുടെ സ്‌പെയർപാർട്‌സുകളുടെ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ടാണ് ഇയാൾ കേരളത്തിലെത്തിയതെന്നാണ് പോലീസിനോടു പറഞ്ഞത്. ഇതേ ആവശ്യത്തിനായി മുമ്പും രമൺജിത്ത് കേരളത്തിൽ എത്തിയിട്ടുണ്ട്. രമൺജിത്തിന്റെ കുടുംബം ഇപ്പോൾ മീററ്റിലാണ് താമസം. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് ഇയാൾ പറയുന്നത്. വാഹനത്തിൽ നിയമപരമല്ലാതെ എഴുതിയതിനും വാഹനം ഉപേക്ഷിച്ച്‌ പോയതിനുമുള്ള കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.

ഇയാൾ രോഗിയാണെന്നാണ് ബന്ധുക്കൾ പോലീസിനെ അറിയിച്ചത്. രണ്ടുതവണ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയ രമൺജിത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പോലീസ് പറയുന്നു. ബന്ധുക്കളോട് കേരളത്തിെലത്താൻ നിർദേശിച്ചിട്ടുണ്ടെന്നും ഇവർ വന്ന ശേഷം രമൺജിത്ത് വന്ന വാഹനം വിട്ടുനൽകുമെന്നും മ്യൂസിയം സി.ഐ. ധർമജിത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം പട്ടത്തെ ഒരു ഹോട്ടലിൽ നിന്നാണ് നരേന്ദ്രമോദിക്കെതിരേയും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയ വാഹനം കസ്റ്റഡിയിലെടുത്തത്. ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടായതിനെത്തുടർന്ന് രമൺജിത്ത് വാഹനം ഉപേക്ഷിച്ച് ഓട്ടോയിൽ കയറി പോവുകയായിരുന്നു. വാഹനങ്ങളുടെ സ്‌പെയർസ്പാർട്‌സുകളും ഇയാളുടെ കാറിൽ ഉണ്ടായിരുന്നു. സംഭവത്തിൽ മറ്റു ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

Related News