കേരളത്തിൽ 84,000 അതിദരിദ്ര കുടുംബങ്ങൾ; കുറവ് കോട്ടയത്ത്, കൂടുതൽ മലപ്പുറത്ത്

  • 11/01/2022

തിരുവനന്തപുരം: വികസനത്തിന്റെ വെള്ളിത്തിളക്കം അവകാശപ്പെടുമ്പോഴും കേരളത്തിൽ 84,000 കുടുംബങ്ങൾ അതിദരിദ്രമെന്ന് കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ അതിദാരിദ്ര്യ സർവേ പൂർത്തിയാവുമ്പോഴാണ് പട്ടിണിയും രോഗവും കാരണവും വരുമാനമില്ലാതെയും ജീവിക്കാൻ വലയുന്ന കുടുംബങ്ങൾ കേരളത്തിൽ ഇത്രയുമുണ്ടെന്ന് വ്യക്തമാവുന്നത്.

അഞ്ചുവർഷംകൊണ്ട് കേരളത്തിൽ ദാരിദ്ര്യം പൂർണമായും ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണംചെയ്യാൻ ലക്ഷ്യമിട്ടാണ് അതിദാരിദ്ര്യ സർവേ നടത്തിയത്. രാജ്യത്താദ്യമായാണ് ജനപങ്കാളിത്തത്തോടെ ഇത്തരമൊരു സർവേ. നിലവിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബി.പി.എൽ.) കുടുംബങ്ങളുടെ വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. രൂക്ഷമായ ദാരിദ്ര്യമനുഭവിക്കുന്നവരുടെ പട്ടിക തയ്യാറാവുന്നത് ഇപ്പോഴാണ്. സർവേയുടെ അന്തിമ ഫലം 20-ന് തദ്ദേശസ്ഥാപന തലത്തിൽ പ്രസിദ്ധീകരിക്കും.

2015-16 അടിസ്ഥാനവർഷമാക്കി അടുത്തിടെ നീതി ആയോഗ് പ്രസിദ്ധീകരിച്ച ദാരിദ്ര്യസൂചികയിൽ കേരളത്തിലായിരുന്നു ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ്- 0.7 ശതമാനം മാത്രം. ഭക്ഷണത്തിലെ പോഷകാംശം, ശൈശവ-കൗമാര മരണനിരക്ക്, പ്രസവകാല ശുശ്രൂഷ, വിദ്യാഭ്യാസം, പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം, കുടിവെള്ളം, സാനിറ്റേഷൻ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങൾ പരിഗണിച്ചാണ് നീതി ആയോഗ് ദാരിദ്ര്യസൂചിക കണക്കാക്കിയത്.

Related News