വൈറലാവാന്‍ ആംബുലന്‍സില്‍ സൈറണിട്ടെത്തി വധൂവരന്മാര്‍; 'പണികൊടുത്ത്' എംവിഡി

  • 12/01/2022

കറ്റാനം: വിവാഹ ദിവസം വൈറലാകാന്‍ വേണ്ടി ആംബുലന്‍സില്‍ വധൂവരന്മാരെ കൊണ്ടുപോയ സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വിവാഹത്തിന് ശേഷം വധൂവരന്മാരേയും കൊണ്ട് സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് എംവിഡി നടപടിയെടുത്തത്. കായംകുളം കറ്റാനത്ത് സർവ്വീസ് നടത്തുന്ന എയ്ഞ്ചൽ എന്ന ആംബുലൻസാണ് നിയമം ലംഘനം നടത്തിയത്.  മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത്  പൊലീസിന് കൈമാറി. 

കറ്റാനം ഓർത്തഡോക്സ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. വധുവുമായി വീട്ടിലേക്ക് ആംബുലൻസില്‍ എത്തണമെന്ന ആഗ്രഹം വരന്‍ സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് വിവാഹ വണ്ടിയായി ആംബുലന്‍സ് എത്തിയത്. വിവാഹവേദിയിൽ നിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂർവ്വമായി പാട്ടും സൈറണും മുഴക്കിയും വാഹനം അലങ്കരിച്ചുമാണ് പൊതു നിരത്തിലൂടെ വാഹനം ഉപയോഗിച്ചത്. ഈ രംഗങ്ങള്‍ സുഹൃത്തുക്കള്‍ തന്നെ ചിത്രീകരിക്കുകയും ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഈ ദൃശ്യങ്ങളാണ് എംവിഡിയുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ട്രാൻസ്പോർട്ട് കമ്മീഷ്ണർ ആലപ്പുഴ ആർ.ടി.ഒ ആർ സജിപ്രസാദിനോട് വാഹനം കസ്റ്റഡിയിലെടുത്ത് നടപടി എടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയപ്പോള്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇതോടെ രോഗിയെ ആശുപത്രിയിലാക്കി മടങ്ങി വന്ന വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. രജിസ്ട്രേഷന് വിരുദ്ധമായി പെർമിറ്റുള്ള വാഹനം ഓടേണ്ട സ്ഥലത്ത് പെര്‍മിറ്റ് ഇല്ലാത്ത വാഹനം ഓടിയതാണ് സംഭവത്തിലെ കുറ്റം. 

വാഹനം ആംബുലന്‍സ് ആയി രജിസ്റ്റര്‍ ചെയ്താല്‍ രോഗികളെ കൊണ്ടോകാനും അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് എംവിഡി വിശദമാക്കുന്നു. ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും എംവിഡി വിശദമാക്കി. വാഹനത്തിൻറെ പെർമിറ്റും, ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ  പുരോഗമിക്കുകയാണ്.

Related News