കെ. റെയിലിന് ചെലവ് കുത്തനേകൂടും; സാമ്പത്തിക നിലനിൽപിൽ ആശങ്കയറിയിച്ച് റെയിൽവെ

  • 13/01/2022

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച സിൽവർലൈൻ പദ്ധതിയുടെ സാമ്പത്തിക നിലനിൽപിൽ ആശങ്കയറിയിച്ച് റെയിൽവെ. സിൽവർലൈനിലെ യാത്രക്കാരുടെ എണ്ണത്തിലോ വരുമാനത്തിലോ വ്യക്തതയില്ല. റെയിൽവേയിൽ നിന്നും കുറച്ച് യാത്രക്കാർ സിൽവർലൈനിലേക്ക് മാറിയാലും പദ്ധതി പ്രായോഗികമാകില്ലെന്നും പദ്ധതി ചെലവിന്റെ കണക്ക് പരിഷ്‌കരിക്കാനും റെയിൽവെ ബോർഡ് കെ-റെയിലിനോട് നിർദ്ദേശിച്ചു. 

കെ-റെയിലിന്റെ പ്രായോഗികതയെ സംബന്ധിച്ച് പൊതുസമൂഹത്തിൽ നിന്ന് നിരവധി ചോദ്യങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും അതിനെയൊക്കെ തള്ളുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. എല്ലാ തരത്തിലും പദ്ധതി പ്രായോഗികമാണെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. എന്നാൽ ഇത് സംബന്ധിച്ച് റെയിൽവെ ബോർഡുമായി കെ-റെയിൽ ഉദ്യോഗസ്ഥർ നടത്തിയ യോഗത്തിൽ പദ്ധതിയുടെ പ്രയോഗികത സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളാണ് റെയിൽവെ അധികൃതർ ഉന്നയിച്ചിരിക്കുന്നത്.

പദ്ധതി ചെലവ് സംബന്ധിച്ചാണ് ഒരു സുപ്രധാനമായ ചോദ്യം റെയിൽവെ ഉന്നയിച്ചിരിക്കുന്നത്. 63,000 കോടിയാണ് പദ്ധതിയുടെ ചെലവായി സംസ്ഥാന സർക്കാർ കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഇത് ചോദ്യം ചെയ്യുകയാണ് റെയിൽവെ ബോർഡ്. 2020 മാർച്ച് മാസത്തെ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്. അതിനാൽ ഈ കണക്ക് പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര റെയിൽവെ ബോർഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ പദ്ധതി ചെലവ് സർക്കാർ പറയുന്ന കണക്കിൽ നിന്നും കുതിച്ചുയരാനാണ് സാധ്യത. 

Related News