മരിച്ചെന്ന് ഉറപ്പാക്കും വരെ വെട്ടി, അച്ഛനമ്മമാരുടെ മൃതദേഹങ്ങള്‍ക്ക് അടുത്തിരുന്ന് ആപ്പിള്‍ കഴിച്ചു; അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍

  • 13/01/2022

പാലക്കാട്: പാലക്കാട് പുതുപ്പെരിയാരത്ത് മകന്‍ അച്ഛനമ്മമാരെ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്ത്.  ദമ്പതികളുടേത് അരുംകൊലയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതിയായ  സനലിനെ ബുധനാഴ്ച ഓട്ടൂര്‍ക്കാടിലെ വീട്ടിലെത്തിച്ച് തെളിവെടുക്കുമ്പോള്‍ കുറ്റബോധം ഒട്ടുമില്ലാതെ പ്രതി സംഭവിച്ചത് വിശദമാക്കി. 

കൊല നടന്ന ദിവസം സോഫയില്‍ ഇരിക്കുകയായിരുന്ന അമ്മ വെള്ളം ചോദിച്ചപ്പോള്‍ പ്രശ്‌നമുണ്ടാവുകയും ഈ ദേഷ്യത്തില്‍ വീട്ടിലുണ്ടായിരുന്ന കൊടുവാളും അരിവാളുമെടുത്ത് അമ്മയെ വെട്ടുകയായിരുന്നുവെന്നും സനല്‍ പറഞ്ഞു. ആദ്യവെട്ടിനുതന്നെ അമ്മ നിലത്തുവീണു. കൈകൊണ്ട് തടയുന്നതിനിടെ വീണ്ടും തുരുതുരെ വെട്ടി. മുറിയിലുണ്ടായിരുന്ന കീടനാശിനി സിറിഞ്ചിലാക്കി കുത്താന്‍ ശ്രമിച്ചെങ്കിലും നിലത്ത് തളംകെട്ടിയ ചോരയില്‍ കാല്‍വഴുതിവീണു. സിറിഞ്ചിന് കേടുപാടുണ്ടായതിനാല്‍, കീടനാശിനി മുഖത്തേക്കും വായിലേക്കും ഒഴിച്ചു.

ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകള്‍ എന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.  നടുവിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ ചന്ദ്രൻ നിലവിളിച്ചതിനെ തുടര്‍ന്ന് സനൽ ഇദ്ദേഹത്തെയും വെട്ടി. ചന്ദ്രന്‍റെ ശരീരത്തില്‍ 26 വെട്ടുകളേറ്റു. ഇരുവരും പിടയുമ്പോള്‍  സനൽ  മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു. കൊല നടത്തിയ ശേഷം ഇയാള്‍ രക്തം കഴുകിക്കളഞ്ഞത് അച്ഛന്‍ കിടന്ന മുറിയില്‍ വച്ചാണ്. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിള്‍ കഴിച്ചുവെന്നും മൊഴിയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ചോദ്യം ചെയ്യല്‍ ഘട്ടത്തില്‍ സനൽ പ്രതികരിച്ചത് കുറ്റബോധമില്ലാതെയാണ്. ബംഗളൂരുവില്‍ നിന്ന് ഇയാളെ നാട്ടിലെത്തിച്ചത് തന്ത്രപരമായി തെറ്റിദ്ധരിപ്പിച്ചാണ്. സനൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിയ്ക്കും. ഇതിനായി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കും. 

കൊലപാതകത്തിന് ശേഷം മൈസൂരിലേക്ക് കടന്ന പ്രതിയെ  സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പരിയാരത്തെ വീട്ടിലെത്തിയ സനലിനെ നാട്ടുകാരുടെ സഹായത്താലാണ് പൊലീസ് പിടികൂടിയത്. ദമ്പതികളെ കൊലപ്പെടുത്തിയശേഷം മകന്‍ സനല്‍ ബംഗളൂരുവിലേക്കും അവിടെ നിന്ന് മൈസൂരിലേക്കുമാണ് കടന്നത്. രാത്രി പത്തുമണിയോടെ രണ്ടാമത്തെ സഹോദരന് സനലിനെ ഫോണില്‍ കിട്ടി. വീട്ടില്‍ കള്ളന്‍ കയറിയെന്നും മാതാപിതാക്കള്‍ കൊല്ലപ്പെട്ടെന്നും പറഞ്ഞു. സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ നാട്ടിലെത്തണമെന്ന് സനലിനോട് ആവശ്യപ്പെട്ടു. രാവിലെ ഏഴരയോടെയാണ് സനല്‍ പുതുപ്പരിയാരത്തെ വീട്ടിലെത്തിയത്.

തിരികെ പോകാന്‍ തുടങ്ങിയ സനലിനെ പൊലീസ് നിര്‍ദ്ദേശ പ്രകാരം നാട്ടുകാരും പിന്തുടര്‍ന്നു. പൊലീസെത്തുമ്പോള്‍ തൊട്ടടുത്ത ബസ് സ്റ്റോപ്പിലെത്തിയിരുന്നു പ്രതി. ചെറുത്തുനില്‍പ്പില്ലാതെ ജീപ്പിലേക്ക് കയറിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്കാണ് സനലിനെ കൊണ്ടുപോയത്. വിശദമായ ചോദ്യം ചെയ്യലിലേ കൊലപാതക കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. നേരത്തെ മുംബെയിൽ സ്വർണ്ണാഭരണ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സനൽ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്.


Related News