വയോധികയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ മച്ചിന് മുകളിൽ; ആഭരണങ്ങളുമായി രക്ഷപ്പെട്ട അമ്മയും മകനും സുഹൃത്തും പിടിയില്‍

  • 15/01/2022

തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയ ശേഷം സ്വർണവുമായി കടന്ന പ്രതികള്‍ പിടിയില്‍. ഒരു മണിക്കൂറിനുള്ളിലാണ് പ്രതികളെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള സൈബർസെല്ലിന്‍റെ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായത് . 

കൊലപാതകം തനിച്ചാണ് ചെയ്തത് എന്ന് പിടിയിലായ അൽഅമീൻ പൊലീസിനോട് പറയുന്നുണ്ടെങ്കിലും  പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. സംഭവത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശിനി റഫീഖ ബീവി(48), മകൻ ഷഫീഖ് (25) റഫീഖയുടെ സുഹൃത്ത് പാലക്കാട് പട്ടാമ്പി സ്വദേശി അൽഅമീൻ (26) എന്നിവരാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. 

ഇന്നലെ രാത്രിയോടെ ആണ് വിഴിഞ്ഞം മുല്ലൂർ കലുങ്ക് നട സ്വദേശിനി ശാന്തകുമാരി (75)യെയാണ് അയൽവാസിയുടെ വീട്ടിലെ മച്ചിന് മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോവളം തീരത്ത് ജോലിക്കെത്തിയ അൽഅമീൻ ഷഫീഖുമയി സൗഹൃദത്തിൽ ആകുകയും തുടർന്ന് റഫീഖയെ പരിചയപ്പെടുകയും ഇവർക്ക് ഒപ്പം മുല്ലൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

ഒരാഴ്ച മുൻപ് റഫീഖയും അൽഅമീനും തമ്മിൽ വഴക്കിടുകയും തുടർന്ന് വീടിൻറെ വാതിലും മറ്റും കേടുപാടുകൾ വരുത്തിയിരുന്നു. ഇതോടെ വീട്ടുടമ ഇവരോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടു. വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിൻറെ കാശ് കൊടുക്കാൻ വീട്ടിൽ എത്തിയ ശാന്തകുമാരിയെ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ്  പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. 

വയോധികയെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയശേഷം ചുറ്റികയ്ക്ക് സമാനമായ വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. തുടര്‍ന്ന് ഇവരുടെ മൃതശരീരം വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ തട്ടിലേയ്ക്ക് എടുത്തുകയറ്റി വച്ചശേഷം പ്രതികള്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു.

സംഭവ ശേഷം ശാന്തകുമാരിയുടെ സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ മൃതദേഹം വീടിൻറെ മച്ചിനു മുകളിൽ ഒളിപ്പിച്ചു. വീട്ടിൽ തനിച്ചായിരുന്നു ശാന്തകുമാരി താമസിച്ചിരുന്നത്. സമീപത്ത് പി.എസ്.സി പഠിക്കാൻ എത്തിയ വാടക വീടിൻറെ ഉടമസ്ഥൻറെ മകൻ വീടിൻറെ വാതിലിൽ താക്കോൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ഉള്ളിൽ കയറി നോക്കവെയാണ് തട്ടിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പ്രഥമദൃഷ്ട്യാ തന്നെ കൊലപാതകം ആണെന്ന് മനസ്സിലായതിനെ തുടർന്ന് വാടക വീട്ടിൽ ഉണ്ടായിരുന്നവരുടെ മൊബൈൽ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറി. 

സൈബർ സെൽ പരിശോധനയിൽ മൊബൈൽ ടവർ ലൊക്കേഷൻ കഴക്കൂട്ടം ഭാഗത്തേക്ക് നീങ്ങുന്നത് മനസ്സിലാക്കിയതിനെ തുടർന്ന് വിവരം ഉടൻ തന്നെ കഴകൂട്ടം പൊലീസിന് കൈമാറി. ഇവർ നടത്തിയ വാഹന പരിശോധനയിലാണ് സ്വകാര്യ ബസിൽ രക്ഷപെടുകയായിരുന്ന പ്രതികൾ പിടിയിലായത്. മോഷ്ടിച്ച സ്വർണ്ണം പ്രതികൾ വിറ്റു എന്നാണ് പൊലീസ് പറയുന്നത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. 


Related News